മാഞ്ഞുപോകുന്ന മഷി ഉപയോഗിച്ച് ചെക്ക് നൽകി; 17 ലക്ഷം ദിർഹം തിരികെ നൽകാൻ ദുബൈ കോടതി ഉത്തരവ്

ദുബൈ: മാഞ്ഞുപോകുന്ന പ്രത്യേക തരം മഷിയുപയോഗിച്ച് ചെക്ക് നൽകി വഞ്ചിക്കാൻ ശ്രമിച്ച കേസിൽ അറബ് സ്വദേശിയായ പ്രതി 17 ലക്ഷം ദിർഹം പരാതിക്കാരന് തിരികെ നൽകണമെന്ന് ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. കടം വാങ്ങിയ തുക തിരികെ നൽകുന്നതിനായി പ്രതി നൽകിയ ചെക്കിലെ വിവരങ്ങൾ കാലക്രമേണ മാഞ്ഞുപോകുന്ന തരത്തിലുള്ള പ്രത്യേക കറക്ഷൻ ഫ്ലൂയിഡ് ഉപയോഗിച്ചാണ് എഴുതിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പ്രതി കൈപ്പറ്റിയ 17 ലക്ഷം ദിർഹം പരാതിക്കാരന് പൂർണമായും തിരികെ നൽകണമെന്ന് വിധിച്ച കോടതി, വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ പരാതിക്കാരന് ഉണ്ടായ സാമ്പത്തിക-മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 30,000 ദിർഹം നൽകാനും ഉത്തരവിട്ടു. ഒപ്പം, കോടതി ചിലവുകളും പ്രതി വഹിക്കണം.

മനഃപൂർവം തിരിമറി നടത്തിയ ചെക്ക് നൽകിയ കേസിൽ പ്രതിയെ ക്രിമിനൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെയാണ് സിവിൽ കോടതിയുടെ ഉത്തരവ്. ഈ കേസിൽ ക്രിമിനൽ കോടതി പ്രതിക്ക് ഒരു വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതിയും ഈ ശിക്ഷ ശരിവെച്ചു. പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷനിൽ മറ്റു ഹർജികളൊന്നും ഫയൽ ചെയ്യാതിരുന്നതിനെ തുടർന്ന് ഈ വിധി അന്തിമമാവുകയായിരുന്നു.

പരാതിക്കാരനിൽ നിന്ന് 17 ലക്ഷം ദിർഹം കൈപ്പറ്റിയ പ്രതി, ഇതിന്റെ ഈടായിട്ടാണ് ചെക്ക് നൽകിയത്. നൽകിയ സമയത്ത് ചെക്കിൽ വിവരങ്ങളെല്ലാം വ്യക്തമായിരുന്നു. എന്നാൽ, ബാങ്കിൽ ഹാജരാക്കേണ്ട തീയതിയായപ്പോഴേക്കും ചെക്കിലെ വിവരങ്ങൾ മാഞ്ഞുപോവുകയോ മാറ്റം വരികയോ ചെയ്തിരുന്നു. ഇതോടെ ബാങ്ക് ചെക്ക് മാറിക്കൊടുക്കാൻ വിസമ്മതിച്ചു. തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്.

തട്ടിപ്പ് നടത്തുന്നതിനായി കരുതിക്കൂട്ടി ചെയ്ത കുറ്റകൃത്യമാണെന്ന് ക്രിമിനൽ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ കോടതിയുടെ ശിക്ഷാവിധി അപ്പീൽ കോടതിയും ശരിവെച്ചതോടെയാണ് പരാതിക്കാരൻ സിവിൽ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചത്.

Tags:    
News Summary - Fading ink, checks, Dubai court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.