4,870 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി ദുബൈ പൊലീസ്

ദുബൈ: 2026ന്റെ ആദ്യപകുതിയിൽ ആകെ 4,870 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി ദുബൈ പൊലീസിലെ ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ. അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനുള്ള ദുബൈ പൊലീസിന്റെ ഉയർന്ന പ്രവർത്തനക്ഷമതക്ക് തെളിവാണ് ഈ നേട്ടം.

ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിരന്തര പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സർച്ച് ആൻഡ് റെസ്‌ക്യൂ ഡിപാർട്മെന്റ് ഡയറക്ടറും ജനറൽ ഡിപാർട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ ഡെപ്യൂട്ടി ഡയറക്ടറുമായ ബ്രിഗേഡിയർ ഖാലിദ് ഇബ്രാഹിം പറഞ്ഞു. പൊതുജനസുരക്ഷ ഉറപ്പാക്കുകയും ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരങ്ങളിലൊന്നായ ദുബൈയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെയും ഉൾപ്പെടുത്തി തങ്ങളുടെ പ്രവർത്തനശേഷി ഡിപാർട്മെന്റ് നിരന്തരം വർധിപ്പിക്കുന്നുണ്ട്. അപകടങ്ങളോടും അടിയന്തര സാഹചര്യങ്ങളോടും വേഗത്തിൽ പ്രതികരിക്കാൻ റെസ്ക്യൂ ടീമുകൾ സജ്ജമായതിനാൽ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനൊപ്പം റെസ്ക്യൂ സമയം ഗണ്യമായി കുറക്കാനും സാധിക്കുന്നുണ്ട്.

2026 ആദ്യ പകുതിയിലെ ദൗത്യങ്ങൾ

ആകെ ദൗത്യങ്ങൾ: 4,870

അപകട സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം: 385

വാഹനങ്ങൾ വീണ്ടെടുക്കലും ടോവിംഗും: 1,598

മണലിൽ കുടുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കൽ: നാല്

പൂട്ടിപ്പോയ വാഹനങ്ങൾ, വീടുകൾ, ലിഫ്റ്റുകൾ എന്നിവ തുറക്കൽ: 575

അടിയന്തര രക്ഷാപ്രവർത്തന മോക്ക് ഡ്രില്ലുകളും പരിശീലനങ്ങളും: 72

പരിപാടികളിലെ സുരക്ഷാ പിന്തുണ ദൗത്യങ്ങൾ: 416

വ്യത്യസ്തമായ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി തങ്ങളുടെ ഉദ്യോഗസ്ഥർക്ക് അത്യാധുനിക രീതിയിലുള്ള പരിശീലന പരിപാടികൾ ദുബൈ പൊലീസ് നൽകുന്നുണ്ട്. വാഹനങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥ, റോഡപകടങ്ങൾ, തീപിടുത്തം, ഉയർന്ന സ്ഥലങ്ങളിൽ നിന്നുള്ള വീഴ്ചകൾ തുടങ്ങിയവ കൃത്രിമമായി സൃഷ്ടിച്ചാണ് ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

ആദ്യപകുതിയിൽ നടത്തിയ 72 മോക്ക് ഡ്രില്ലുകൾ തങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാനും കൃത്യസമയത്ത് ശരിയായ തീരുമാനങ്ങളെടുക്കാനും ഏറെ സഹായിച്ചുവെന്ന് ബ്രിഗേഡിയർ ഇബ്രാഹിം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Dubai Police successfully completes 4,870 missions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.