ഷാർജ: എക്സ്പോ അൽ ദൈദിൽ നടക്കുന്ന പത്താമത് അൽ ദൈദ് ഈത്തപ്പഴ മേളയിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) തങ്ങളുടെ സുപ്രധാന പദ്ധതിയായ ‘നാഷനൽ ഫുഡ് ഫാക്ടറി’ അവതരിപ്പിച്ചു. മലീഹയിലെ ഹംദ പ്രദേശത്ത് വികസിപ്പിക്കുന്ന ഈ പദ്ധതി, പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ വിപണി മൂല്യം വർധിപ്പിക്കാനും കർഷകർക്ക് മികച്ച പിന്തുണ നൽകാനും ലക്ഷ്യമിടുന്നു.
സുസ്ഥിര കാർഷിക-വ്യവസായ വികസനത്തിലൂടെ യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾക്ക് കരുത്തേകാനാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. വർഷത്തിൽ 5,000 മെട്രിക് ടൺ ഉൽപാദന ശേഷിയുള്ള ഈ കൂറ്റൻ നിർമാണ കേന്ദ്രം പ്രാദേശിക, അന്തർദേശീയ വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണ്. ഭക്ഷ്യ സംസ്കരണത്തിന് പുറമെ ഉൽപന്നങ്ങളുടെ പാക്കിങ്, ഡ്രയിങ്, കോൾഡ് സ്റ്റോറേജ് അടക്കമുള്ള അത്യാധുനിക സംഭരണ ശാലകൾ, ലോജിസ്റ്റിക്സ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
ഈത്തപ്പഴം, പച്ചക്കറികൾ എന്നിവ സംസ്കരിക്കുന്നതിനും സ്വകാര്യ ബ്രാൻഡുകൾക്കായി കാരാറടിസ്ഥാനത്തിൽ ഉൽപന്നങ്ങൾ നിർമിച്ച് നൽകുന്നതിനും ഇവിടെ അത്യാധുനിക സംവിധാനങ്ങൾ ഉണ്ടാകും. ഈത്തപ്പഴ കർഷകർ, കാർഷിക കമ്പനികൾ, ഭക്ഷ്യവസ്തു വിതരണക്കാർ, എക്സ്പോർട്ടർമാർ, റീട്ടെയിൽ ശൃംഖലകൾ, ഹോട്ടൽ വ്യവസായ രംഗത്തുള്ളവർ എന്നിവർക്കെല്ലാം ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കർഷകരുടെയും കാർഷിക ഉൽപന്ന നിർമാതാക്കളുടെയും ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മികച്ച മൂല്യവും മത്സരക്ഷമതയും ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
ഷാർജയുടെ കാർഷിക-ഭക്ഷ്യ മേഖലകളിൽ വലിയൊരു മുന്നേറ്റത്തിന് ഈ പദ്ധതി വഴിതെളിക്കുമെന്ന് എസ്.സി.സി.ഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. കാർഷിക വിളകളെ അത്യാധുനിക വ്യവസായ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ കർഷകർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടും. കാർഷിക മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള ഷാർജ ചേംബറിന്റെ പദ്ധതികളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.