ദുബൈ ഡേറ്റ് ഫെസ്റ്റിവലിൽനിന്ന്
ദുബൈ: ദുബൈ ഡേറ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കായി 10 ലക്ഷം ദിർഹമിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. യു.എ.ഇയുടെ പരമ്പരാഗത പൈതൃകം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കർഷകരും പങ്കാളികളും നൽകിയ സംഭാവനകൾ മാനിച്ചാണ് ഈ സഹായമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദുബൈ-അൽ ഐൻ റോഡിലെ കലാത് അൽ റിമാലിൽ നടന്ന മേളയുടെ മൂന്നാം പതിപ്പ് ജൂലൈ 26നാണ് സമാപിച്ചത്. ഈന്തപ്പന കർഷകരെയും പൈതൃകത്തെയും ആദരിക്കുന്നതിനായി 15 വൈവിധ്യമാർന്ന മത്സരങ്ങളാണ് മേളയിൽ സംഘടിപ്പിച്ചത്. പുതിയ മത്സരവിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയ ഇത്തവണത്തെ ഫെസ്റ്റിവൽ വൻവിജയമായിരുന്നു. കർഷകരെയും കുടുംബങ്ങളെയും വിവിധ സ്ഥാപനങ്ങളെയും ഒന്നിച്ചുചേർത്തതിനൊപ്പം, ഈത്തപ്പഴത്തിന്റെ സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്നതിലും മേള സവിശേഷമായി.
ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) 'ഖറായെഫ് അൽ റുതബ്' പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമിട്ടു. പ്രാദേശിക ഫാമുകളുമായി സഹകരിച്ച്, 5,000-ത്തിലധികം കുടുംബങ്ങൾക്ക് ഫ്രഷ് ഈത്തപ്പഴങ്ങൾ അടങ്ങിയ ബോക്‌സുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പ്രാദേശിക കാർഷിക വിളകൾ ഫലപ്രദമായി വിനിയോഗിക്കാനും വിളവെടുപ്പ് കാലം സാമൂഹിക-മാനുഷിക നന്മകൾക്കായി പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.