വർസാനിൽ തുറന്ന ആനിമൽ വെൽഫെയർ ഷെൽട്ടർ’
ദുബൈ: തെരുവ് മൃഗങ്ങളെയും ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിനായി പുതിയ ‘ആനിമൽ വെൽഫെയർ ഷെൽട്ടർ’ തുറന്ന് ദുബൈ മുൻസിപ്പാലിറ്റി. നഗരത്തിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ദത്തെടുത്ത് വളർത്തുന്നത് പ്രോത്സാഹിപ്പിക്കാനാണ് നഗരസഭയുടെ ഈ പുതിയ പദ്ധതി. മൃഗങ്ങളെ ദത്തെടുക്കുന്ന നടപടികൾ എളുപ്പമാക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോമും ദുബൈ മുൻസിപ്പാലിറ്റി ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
ദുബൈ വർസാനിലെ ബേർഡ്സ്, പെറ്റ് മാർക്കറ്റിലാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്കായി മുനിസിപ്പാലിറ്റി പുതിയ അഭയകേന്ദ്രം തുറന്നത്. ഉടമസ്ഥരില്ലാതെ പരിക്കുകളോടെയും മറ്റും കണ്ടെത്തുന്ന മൃഗങ്ങളെ ഈ കേന്ദ്രത്തിൽ എത്തിച്ച് ശ്രൂശ്രൂഷയും പരിചരണവും നൽകും. പ്രതിരോധ കുത്തിവെപ്പ് നൽകി മറ്റുള്ളവർക്ക് ദത്തെടുക്കാൻ കഴിയുന്ന ആരോഗ്യമുള്ള ഓമനമൃഗങ്ങളാക്കി മാറ്റും.
വെറ്ററിനറി ക്ലിനിക്ക്, ഓnറേഷൻ തിയേറ്റർ, ഗ്രൂമിങ് സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിനായി ഷെൽട്ടറിൽ ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ആരോഗ്യത്തിനായി ‘വെറ്റ്സ് ഫോർ പെറ്റ്സ്’, ‘ഫിനിക്സ്’ എന്നീ പ്രമുഖ വെറ്ററിനറി ക്ലിനിക്കുകളുമായി മുൻസിപ്പാലിറ്റി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇത് വഴി ആളുകൾക്ക് മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും മുൻകൂട്ടി മനസ്സിലാക്കി വളർത്തുമൃഗങ്ങളെ തിരഞ്ഞെടുക്കാം.
ഇഷ്ടമുള്ള മൃഗങ്ങളെ നടപടികൾ പൂർത്തിയാക്കി ഇവിടെ നിന്ന് ദത്തെടുക്കാം. നഗരത്തിൽ അലഞ്ഞുതിരിയുന്ന പൂച്ചകളുടെയും നായ്ക്കളുടെയും എണ്ണം കുറക്കാനും ഇവയെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.