പൂച്ച​േയാട്​ ക്രൂരത കാണിച്ച പ്രതികൾ മൂന്നു മാസം  മൃഗശാല വൃത്തിയാക്കണം; ശൈഖ്​ മുഹമ്മദി​െൻറ ഉത്തരവ്​

ദുബൈ: പൂച്ചയെ ജീവനോടെ നായ്ക്കള്‍ക്ക് ഭക്ഷണമായി നൽകിയ കേസില്‍ പിടിയിലായ പ്രതികൾ മൂന്ന് മാസം ദുബൈയിലെ മൃഗശാലകള്‍ വൃത്തിയാക്കണം. 
യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമ​ന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.  
ഫാമിലെ കോഴികളെയും പ്രാവിനെയും പിടിച്ച  പൂച്ചയെ ശിക്ഷിക്കാനെന്ന പേരിലാണ്​ ജീവനോടെ നായ്ക്കൂട്ടിൽ എറിഞ്ഞത്​. ഇതു വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്​.
സംഭവത്തിൽ യു.എ.ഇ സ്വദേശിയെയും സഹായികളായ രണ്ട് ഏഷ്യക്കാരെയും   പൊലീസ് ചൊവ്വാഴ്​ച അറസ്​റ്റ്​ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  പ്രതികളെ​െക്കാണ്ട്​ മൂന്ന് മാസം ദുബൈയിലെ മൃഗശാലകള്‍ വൃത്തിയാക്കിക്കാൻ ദുബൈ ഭരണാധികാരി നിര്‍ദേശം നല്‍കിയത്. 
ഇക്കാര്യം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. 
ദിവസം നാലുമണിക്കൂര്‍ വീതം മൂന്ന് മാസമാണ് ഇവര്‍ മൃഗശാല വൃത്തിയാക്കേണ്ടത്. നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്ക് നിര്‍ബന്ധ സാമൂഹിക സേവനമാണ് ശിക്ഷ. ക്രൂരവും കാടത്തവുമാണ് ഈ പ്രതികള്‍ കാണിച്ചത്. മൃഗങ്ങളോട് കരുണയോടെ പെരുമാറണമെന്ന ഇസ്‍ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരുടെ ചെയ്തിയെന്നും ഭരണാധികാരി ട്വിറ്ററില്‍ കുറിച്ചു. 
ഏതാനും ആഴ്​ച മുൻപ്​ സിറ്റിവാക്കിൽ മഴക്കിടെ അപകടകരമായ വാഹനാഭ്യാസം കാണിച്ച യുവാക്കളോട്​ റോഡ്​  വൃത്തിയാക്കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.