ദുബൈ: ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട മലയാളിക്ക് 10 ലക്ഷം ദിർഹം (ഏകദേശം ഒന്നേ മുക്കാൽ കോടി രൂപ) നഷ്ട പരിഹാരം നൽകാൻ ഷാർജ കോടതിയുടെ വിധി. 2014 സെപ്റ്റംബറിൽ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വലതുകലാൽ മുട്ടിനുമുകളിൽ വെച്ച് നഷ്ടപ്പെടുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്ത തൃശൂർ കോടശ്ശേരി സ്വദേശി ബാലന് അനുകൂലമായാണ് വിധി. അജ്മാനിലെ കമ്പനി, ഷാർജയിൽ പ്രവൃത്തിച്ചുവരുന്ന കമ്പനിയിൽ നിന്ന് വാടകക്കെടുത്ത ശീതീകരണിയിൽ (ചില്ലർ) വാതകം നിറക്കുന്നതിനിടയിലാണ് കംപ്രസർ പൊട്ടിത്തെറിച്ചത്. ബാലൻ ഷാർജയിലെ കമ്പനിയിൽ ഹെൽപറായിരുന്നു. ശീതീകരണ തകരാർ പരിഹരിക്കാനായി അജ്മാനിലെ കമ്പനിയിലേക്ക് അയച്ചതായിരുന്നു. പരിശോധനക്കായി ടെക്നീഷ്യൻ കംപ്രസറിലേക്ക് വാതകം നിറക്കുേമ്പാഴായിരുന്ന പൊട്ടിത്തെറിയുണ്ടായത്.
ടെക്നീഷ്യൻ നൈട്രജൻ വാതകം നിറക്കുന്നതിന് പകരം ശ്രദ്ധക്കുറവിൽ ഒാക്സിജൻ നിറച്ചതാണ് കംപ്രസർ പൊട്ടിത്തെറിക്കാൻ കാരണമായത്. മാരകമായ പൊള്ളലും പരിക്കുമേറ്റ ബാലൻ രണ്ടു മാസക്കാലം ഇവിടെ ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം, കമ്പനി നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. ബാലന് മതിയായ നഷ്ട പരിഹാരം നൽകാം എന്ന ഉറപ്പിലാണ് കമ്പനിയുടമ ബാലനെ നാട്ടിലേക്കയച്ചത്. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും കമ്പനി എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകാനോ, ബാലെൻറ ശാരീരിക അവസ്ഥ മനസ്സിലാക്കാനോ താൽപര്യം കാണിച്ചില്ല. ആ സാഹചര്യത്തിൽ ബാലൻ അംഗവൈകല്യവും വേദനകളും മറന്ന് വീണ്ട് ഷാർജയിലെത്തി. പൊലീസിൽ ബന്ധപ്പെട്ടപ്പോൾ കേസ് ഒന്നും നിലവിലില്ല എന്നറിഞ്ഞു. തുടർന്ന് ദുബൈ അൽകബ്ബാൻ അസോസിയേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപള്ളിയെ ബന്ധപ്പെട്ടു.
തുടർന്ന് അപകടത്തിന് കാരണക്കാരാനായ തൊഴിലാളികൾക്കും കമ്പനിക്കും എതിരെ ക്രിമിനൽ കേസിൽ വിധിയുണ്ടായി. പിന്നീട് 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ അൽക്കബ്ബാൻ അസോസിയേറ്റ്സ് മുഖേന സിവിൽ കേസ് ഫയൽ ചെയ്തു.
ഇൗ കേസിലാണ് ഷാർജ കോടതി 10,05,000 ദിർഹം അഞ്ച് ശതമാനം പലിശയടക്കം നൽകാൻ വിധിച്ചത്. ഇൗ കേസ് നടക്കുന്ന കാലയളവിൽ ബാലൻ കമ്പനിക്കെതിരെ അഡ്വ. ഷംസുദ്ദീൻ മുഖേന ലേബർ കേസ് ഫയൽ ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇൗ കാലയളവിൽ ഒട്ടനവധി സുമനസുകളുടെ സഹായത്തോടെയാണ് ബാലൻ സാമ്പത്തികവും ശരീരികവുമായുമുള്ള ബുദ്ധിമുട്ടുകളെ അതീജീവിച്ചത്. 10 ലക്ഷം ദിർഹം മതിയായ നഷ്ട പരിഹാരമല്ലെന്ന് കാണിച്ച് അപ്പീൽ ഫയൽ ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.