യു.എ.ഇയുടെ പ്രഥമ ആണവകേന്ദ്രം മേയില്‍ പ്രവര്‍ത്തനം തുടങ്ങിയേക്കും

അബൂദബി: യു.എ.ഇയുടെ പ്രഥമ ആണവകേന്ദ്രം ലക്ഷ്യത്തിലേക്ക്. ആണവ ഇന്ധനം സൂക്ഷിക്കാനും കൊണ്ടുപോകാനും അനുമതിയായതോടെ  കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം മേയില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം ഇന്ധനത്തിന്‍െറ ആദ്യ ഇറക്കുമതി ദക്ഷിണ കൊറിയയില്‍നിന്ന് ഉണ്ടാകുമെന്ന് ആണവ നിയന്ത്രണ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. 
ഇന്ധനം സൂക്ഷിക്കാനും കൊണ്ടുപോകാനും കഴിയുന്ന രീതിയില്‍  സജ്ജീകരണങ്ങളൊരുക്കിയത്  വലിയ നാഴികക്കല്ലാണെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ക്രിസ്റ്റര്‍ വിക്ടോഴ്സന്‍ പറഞ്ഞു. യു.എ.ഇയുടെ ആണവോര്‍ജ പദ്ധതിയുടെ തത്വങ്ങളിലൊന്ന് സുതാര്യതയാണ്. 
കപ്പല്‍ വഴിയാണ് ആദ്യ ആണവ ഇന്ധന ചരക്ക് എത്തിക്കുക. ഏതാനും ആഴ്ചകളിലായി നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഇന്ധനം റിയാക്ടറിന്‍െറ സംഭരണകേന്ദ്രത്തിലേക്ക് മാറ്റുക. 
ദക്ഷിണ കൊറിയയില്‍ ഇന്ധനം പാക്ക് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും  ആണവ നിയന്ത്രണ ഫെഡറല്‍ അതോറിറ്റിയുടെ പരിശോധകര്‍ ആഴ്ചകള്‍ക്ക് മുമ്പേ ദക്ഷിണ കൊറിയയില്‍ എത്തിയിട്ടുണ്ടെന്നും അതോറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) ഇയാന്‍ ഗ്രാന്‍റ് പറഞ്ഞു. ഇന്ധനം നിറക്കാന്‍ അനുമതിയായാല്‍ ആറോ ഏഴോ മാസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിപ്പിക്കുക. 
ഇന്ധനം ലഭിക്കുന്നത് നിര്‍ണായ നാഴികക്കല്ലാണെന്ന് അന്താഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ യു.എ.ഇ അംബാസഡര്‍ ഹമദ് അല്‍ കഅബി പറഞ്ഞു. ആണവ കേന്ദ്രത്തിലെ എല്ലാ നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങളും അന്താഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശങ്ങളുമായി യോജിക്കുന്നതാണെന്ന് ഉറപ്പുവരുത്താന്‍ ഏജന്‍സിയിലെ സുരക്ഷാസംഘവുമായി യു.എ.ഇ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവ സുരക്ഷ, വികിരണത്തില്‍നിന്നുള്ള സംരക്ഷണം, അടിയന്തര ഘട്ടങ്ങള്‍ നേരിടാനുള്ള തയാറെടുപ്പ്, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് 200ലധികം വിദഗ്ധരാണ് ഫെഡറല്‍ ആണവ അതോറിറ്റിയില്‍ പ്രവര്‍ത്തിച്ചത്. കൊറിയന്‍ മാതൃകയിലാണ് നിലയം നിര്‍മിച്ചത്.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.