തീവ്രവാദവും കാലാവസ്ഥ വ്യതിയാനവും  ഏറ്റവും വലിയ ഭീഷണി - പിയൂഷ് ഗോയല്‍

അബൂദബി: തീവ്രവാദവും കാലാവസ്ഥ വ്യതിയാനവുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഊര്‍ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതലയുള്ള ഇന്ത്യന്‍ കേന്ദ്ര സഹമന്ത്രി സി.എ. പിയൂഷ് ഗോയല്‍. അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ ഗ്രൂപ്പും (ഐ.ബി.പി.ജി)  ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) ചേര്‍ന്ന് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഭീകരവാദത്തിനെതിരായ ഇന്ത്യ-യു.എ.ഇ ബന്ധം വളരെ ശക്തമാണ്. നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി.  അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപബ്ളിക് ദിനത്തില്‍ മുഖ്യാതിഥി ആയി എത്തുന്നതോടെ ഈ ബന്ധം ഇനിയും ശക്തിപ്പെടും. 
അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ചയും വെള്ളപ്പൊക്കവും വളരെയധികം കടുത്തതാണ്. ഇതിനെ നേരിടാന്‍ സുസ്ഥിര കാലാവസ്ഥ വ്യതിയാന കൈകാര്യ സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു.
 ഇന്ത്യയിലെ കറന്‍സി നിരോധനം കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടാക്കിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. ഇന്ത്യയില്‍ മികച്ച നിക്ഷേപ സാഹചര്യമൊരുങ്ങാനിരിക്കുകയാണ്.  ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരിക്ക് സ്വീകരണവും ചിക്കാഗോയിലേക്ക് സ്ഥലമാറ്റം ലഭിച്ച് പോകുന്ന ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ് യാത്രയയപ്പും നല്‍കി.  ഐ.ബി.പി.ജി ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടി, ഐ.സി.എ.ഐ വൈസ് ചെയര്‍മാന്‍ സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.