പുതിയ അഗ്നി സുരക്ഷാ ചട്ടങ്ങള്‍ അടുത്തയാഴ്ച 

ദുബൈ: യു.എ.ഇയുടെ പുതിയ അഗ്നി സുരക്ഷാ ചട്ടങ്ങള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. ജനങ്ങളും പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തിയും വിദഗ്ധ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും രാജ്യത്തിന്‍െറ സാഹചര്യങ്ങള്‍ക്കും പരിസ്ഥിതിക്കും ഇണങ്ങും വിധം കുറ്റമറ്റ ചട്ടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് സ്മാര്‍ട്ട് സര്‍വീസ് അസി.ജനറല്‍ മാനേജര്‍ ലഫ്. കേണല്‍ അലി അല്‍ മുത്തവ അറിയിച്ചു. വീടുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും പ്രത്യേക ചട്ടങ്ങളാണുണ്ടാവുക. കെട്ടിടങ്ങളെ മറക്കാന്‍ ഉപയോഗിക്കുന്ന ക്ളാഡ് പാനലുകളുടെ ഉപയോഗം കര്‍ശനമായി തടയും. 
ദുബൈ മറീനയിലെ ടോര്‍ച്ച് ടവറിലുള്‍പ്പെടെ പല തീ അപകടങ്ങള്‍ക്കും കാരണമായത് ഇത്തരം മറകളാണെന്നും ബദലാലയി ഉപയോഗിക്കാവുന്ന അഗ്നി പ്രതിരോധശേഷിയുള്ള വസ്തുക്കള്‍ക്കായി അന്താരാഷ്ട്ര വിദഗ്ധരുമായി ആലോചന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 22 മുതല്‍ ദുബൈയില്‍ നടക്കുന്ന ഇന്‍റര്‍സെക് പ്രദര്‍ശനത്തിലാണ് ചട്ടങ്ങള്‍ പരസ്യപ്പെടുത്തുക.
രാജ്യത്തിന്‍െറ സാമ്പത്തിക മേഖലയിലും നിര്‍മാണ രീതികളിലും വന്‍മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇത് ഉള്‍ക്കൊള്ളൂം വിധമുള്ള സുരക്ഷാ രീതികളാണ് തയ്യാറാക്കിയിരിക്കുന്നത്. 707 പേജുള്ള നിലവിലെ ചട്ടങ്ങള്‍ക്ക് പകരമായി പുതിയ ചട്ടത്തില്‍ 20 അധ്യായങ്ങളിലായി 1562 പേജുകളുണ്ടാവും. കൃതമായ രേഖകളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച ചട്ടപുസ്തകം എഞ്ചിനീയര്‍മാര്‍ക്ക് സുരക്ഷിത കെട്ടിടങ്ങള്‍ ആസൂത്രണം ചെയ്യാനും ഏറെ സഹായകമാവും.   2016ലാണ് പുതിയ ചട്ടം പ്രഖ്യാപിക്കാനിരുന്നത്. എന്നാല്‍ പുതുവര്‍ഷ തലേന്ന് ഡൗണ്‍ ടൗണിലെ അഡ്രസ് ഹോട്ടലിനു തീ പിടിച്ചതോടെ ഇത്തരം ബഹുനില കെട്ടിടങ്ങളിലെ അപകടങ്ങളെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച ആലോചനകളുയര്‍ന്നു. ഇവ കൂടി ഉള്‍ക്കൊള്ളിക്കുന്നതിനാണ് ചട്ടങ്ങള്‍ ഒരു വര്‍ഷം കൂടി വൈകിച്ചത്. എന്നാല്‍ തീപിടിത്ത മുന്നറിയിപ്പ് സംവിധാനം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഓരോ എമിറേറ്റുകളിലും ഏതാണ്ട് നടപ്പാക്കി കഴിഞ്ഞു. പാചക വാതക സിലണ്ടര്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. 
ദുബൈ കനാലില്‍ ഒഴുകുന്ന അഗ്നി ശമന കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ലഫ്. കേണല്‍ അലി അല്‍ മുത്തവ വ്യക്തമാക്കി. മേഖലയിലെ കെട്ടിടങ്ങളില്‍ ആവശ്യമുള്ള ഘട്ടത്തില്‍ കുതിച്ചത്തെി രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമിട്ടാണ് ഈ സംവിധാനം.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.