സന്തോഷ് ട്രോഫി: അല്‍ഐനിന് അഭിമാനമായി സഹല്‍

അല്‍ഐന്‍: കേരള ഫുട്ബാള്‍ രംഗത്തേക്ക് പ്രവാസ ലോകത്ത് നിന്ന് പുതിയ താരോദയം. അല്‍ഐനില്‍ ജനിച്ച് വളര്‍ന്ന പയ്യന്നൂര്‍ കവ്വായി സ്വദേശി സഹല്‍ അബ്ദുല്‍ സമദ് എന്ന 19കാരനാണ് കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നത്.
അല്‍ഐന്‍ എന്‍.ഐ മോഡല്‍ സ്കൂളില്‍ പ്ളസ്ടു വരെ പഠിച്ച സഹല്‍ കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ എസ്.എന്‍ കോളജില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ ബി.ബി.എക്ക് പ്രവേശനം നേടിയത്. ഒരു വര്‍ഷത്തിനിടെ കോളജ് ടീമിലും ജില്ലാ ടീമിലും കളിച്ച സഹല്‍ പെട്ടെന്നാണ് കേരള ടീമിലേക്ക് ഉയര്‍ന്നത്.
അല്‍ഐന്‍ എന്‍.ഐ മോഡല്‍ സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ കാല്‍പന്ത് കളി കമ്പക്കാരനായിരുന്നു സഹല്‍. സഹലിലെ കളിക്കാരനെ തിരിച്ചറിഞ്ഞ് വളര്‍ത്തിയെടുത്തത് അല്‍ഐന്‍ ജി സെവന്‍ ക്ളബാണ്. ക്ളബിന്‍െറ കീഴില്‍ യു.എ.ഇയില്‍ നടന്ന നിരവധി ടൂര്‍ണമെന്‍റുകളില്‍ സഹല്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഇത്തിഹാദ് എയര്‍വേസിന്‍െറ ഗോവയില്‍ വെച്ച് നടന്ന ക്യാമ്പില്‍ പരിശീലനം നേടുകയും ഇത്തിഹാദിന് വേണ്ടി കളിക്കുകയും ചെയ്തു.സ്കൂള്‍ പഠന കാലത്ത് ഒമാന്‍ ഇന്‍ഷൂറന്‍സിന്‍െറ സൂപ്പര്‍ ഇലവന്‍ ക്ളബിന് വേണ്ടി സഹല്‍ ഒരുവര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്.
അല്‍ഐന്‍ എയര്‍പോര്‍ട്ടില്‍ എന്‍ജീനിയറിംഗ് സൂപ്പര്‍വൈസറായ അബ്ദുല്‍ സമദിന്‍െറയും സുഹറയുടെയും അഞ്ച് മക്കളില്‍ നാലാമനാണ് സഹല്‍. പിതാവ് വോളിബാള്‍ കളിക്കാരനാണെങ്കിലും മക്കള്‍ അഞ്ചുപേര്‍ക്കും കാല്‍പന്തിലാണ് താല്‍പര്യം.
അബൂദബി ഇത്തിഹാദില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഫാസില്‍ ഇത്തിഹാദിന്‍െറ കളിക്കാരന്‍ കൂടിയാണ്. സംസ്ഥാന അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിനായി മൂന്ന് ഗോള്‍ നേടിയതാണ് സഹലിന്‍െറ കേരള ടീമിലേക്കുള്ള വഴി എളുപ്പമാക്കിയത്. മഞ്ഞപ്പടയുടെ കഴിഞ്ഞ മൂന്ന് കളിയിലും ആദ്യ ഇലവനില്‍ സ്ഥാനം നേടിയ സഹല്‍ ആന്ധ്രപ്രദേശിനെതിരെയുള്ള കളിയില്‍ ഒരു ഗോള്‍ നേടുകയും ചെയ്തു. സഹലിന്‍െറ കുടുംബം അല്‍ഐനിലാണ് താമസം. സഹോദരങ്ങള്‍ ഹാഫിസ്, ഫാസില്‍, സുഹാഫ്, സല്‍മാന്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.