ഹുസൈന്‍ യാത്രയായി, ആരെയും ബുദ്ധിമുട്ടിക്കാതെ

കല്‍ബ: മറ്റുള്ളവരെ ഒരിക്കലും പ്രയാസപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധി ഹുസൈന്‍ പാലിച്ചു, മരണം വരെയും. ഫര്‍ണീച്ചര്‍ സ്ഥാപനത്തിലെ ഏറ്റവും മുതിര്‍ന്നയാളായ ഹുസൈനെ കല്‍ബ മേഖലയിലെ സ്വദേശികളും വിദേശികളും ഏറെ മാനിച്ചിരുന്നു. ജീവനക്കാരനായല്ല , മാര്‍ഗദര്‍ശി എന്ന പരിഗണനയാണ് ഇദ്ദേഹത്തിന് സ്ഥാപനത്തില്‍ ലഭിച്ചിരുന്നതും. 
സുഹൃത്തുക്കള്‍ക്കായി സദാസമയവും  സഹായ സന്നദ്ധനായ ഇദ്ദേഹം എന്നും കിടക്കാറുള്ള മുറിയില്‍ നിന്ന് കഴിഞ്ഞ ദിവസം മാറിക്കിടന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത് എന്നു കരുതിയാണ്. പക്ഷെ അത് നാടിന് നല്‍കിയത് തീരാ വേദന. തന്‍െറ ചുമയും ജലദോഷവും മറ്റുള്ളവര്‍ക്ക് പകരേണ്ടെന്നും അവധി ദിവസത്തെ ഉറക്കത്തിന് തടസമാവേണ്ടെന്നും പറഞ്ഞ് സ്ഥിരം മുറിയില്‍ നിന്ന് മാറി മറ്റൊന്നിലാണ് വ്യാഴാഴ്ച ഉറങ്ങാന്‍ കിടന്നത്. 
തീ പടര്‍ന്നത് ആദ്യമറിഞ്ഞ മുറിയിലെ സുഹൃത്തുക്കള്‍ രക്ഷപ്പെടാന്‍ വിളിച്ചു പറഞ്ഞതൊന്നും  ഒറ്റക്കൊരു മുറിയില്‍ കിടന്ന ഹുസൈന്‍ കേട്ടിരുന്നില്ല.  രക്ഷ തേടി വാതില്‍ തുറന്നതും അപകടത്തീ മുറിയിലേക്ക് പടരുകയും ചെയ്തു.
 അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍വാതില്‍ തുറക്കരുത് എന്ന തത്വം തെറ്റിപ്പോയതാണ് കല്‍ബയിലെ തീ ദുരന്തത്തില്‍ മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. 
അപകടമറിഞ്ഞ ഉടനെ ഗോഡൗണിനു പിറകിലെ മുറികളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ രക്ഷാ മാര്‍ഗങ്ങള്‍ തേടി. ജനലുകള്‍ ഇല്ലാത്ത രീതിയിലാണ് മുറികള്‍ നിര്‍മിച്ചിരുന്നത്. എ.സി ഇളക്കി മാറ്റി അതിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു ചിലര്‍ പരിഭ്രാന്തി മൂലം വാതില്‍ തുറന്ന് ഓടാന്‍ നോക്കി. എന്നാല്‍ മര ഉരുപ്പടികള്‍ കത്തിപ്പടര്‍ന്ന തീയും അതിന്‍െറ പുകയും മുറികളിലേക്ക് പടരാനാണ് ഇത് വഴിവെച്ചത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.