കേരളത്തില്‍ അര്‍ബുദം ഭയാനകമായി വര്‍ധിച്ചു-ഡോ. നാരായണന്‍കുട്ടി വാര്യര്‍

ദുബൈ: കേരളത്തില്‍ അര്‍ബുദം ഭയാനകമായ തോതില്‍ വര്‍ധിച്ചുവരികയാണെന്ന് പ്രമുഖ അര്‍ബുദരോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ക്കൊപ്പം രോഗം മുന്‍കൂട്ടി അറിയാനുള്ള പരിശോധനകളും മലയാളികള്‍ ശീലമാക്കിയാലേ ഇതിനെ തടയാനാകൂവെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവിയായിരുന്ന  ഡോ. നാരായണന്‍കുട്ടി വാര്യര്‍ ഇപ്പോള്‍ കോഴിക്കോട് പുതുതായി തുടങ്ങുന്ന എം.വി.ആര്‍.കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ മെഡിക്കല്‍ ഡയറക്ടറായി ചുമതലയേറ്റെടുത്തിരിക്കുകയാണ്.
കേരളത്തില്‍ ചില അര്‍ബുദങ്ങളില്‍ 300 ശതമാനം വരെയാണ് വര്‍ധന. സ്തനാര്‍ബുദം ഉദാഹരണം. അര്‍ബുദത്തിന് കാരണമാകുന്നു എന്നു പറയുന്ന പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളില്ലാത്തവര്‍ക്കും രോഗം വ്യാപകമായി വരുന്നുണ്ട്. ഭക്ഷണം, ജീവിതരീതി തുടങ്ങിയവയിലുണ്ടായ മാറ്റമാണ് പുതിയ കാരണങ്ങള്‍. 10 വര്‍ഷം മുമ്പ് ഒരു ലക്ഷത്തിന് 90 പേര്‍ക്ക് എന്ന തോതിലായിരുന്നു അര്‍ബുദം. ഇപ്പോള്‍ അത് 140 വരെയായിട്ടുണ്ട്. ഇത് ഭയാനകമാണ്. മറ്റു രാജ്യങ്ങളില്‍ വളര്‍ച്ചാതോത് ഇത്രയില്ല.

വര്‍ധനക്ക് കാരണം
അര്‍ബുദ പരിശോധനകളില്‍ വന്ന മുന്നേറ്റവും രോഗം കണ്ടുപിടിക്കുന്നതിന്‍െറ തോത് വര്‍ധിച്ചതും എണ്ണം കൂടാന്‍ കാരണമാണ്. മലയാളി പുരുഷന്മാരില്‍ കൂടുതല്‍ അര്‍ബുദ ബാധയുണ്ടാകുന്നത് ശ്വാസകോശത്തിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുമാണ്. കേരളത്തില്‍ വായയിലുണ്ടാകുന്ന അര്‍ബുദം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും ഈയിടെ മാറ്റം കാണുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് ലഭിച്ച പുകയില ചവക്കല്‍ ശീലമാണ് ഇതിന് കാരണം. 30 വയസ്സിന് താഴെയുള്ളവരില്‍ വരെ ഇപ്പോള്‍ വായയില്‍ അര്‍ബുദം കാണുന്നുണ്ട്. ഹാന്‍സ് പോലുള്ള വസ്തുക്കള്‍ രണ്ടു വര്‍ഷം മാത്രം ഉപയോഗിച്ചിട്ട് അര്‍ബുദം വന്നവരുണ്ട്. 
ഇന്ത്യയില്‍ തന്നെ കേരളത്തിലാണ്  അര്‍ബുദം കൂടുതല്‍ കാണുന്നത്. ജീവിത നിലവാരത്തിലുണ്ടായ മുന്നേറ്റം കാരണമാണിതെന്ന് പറയേണ്ടിവരും. ഭക്ഷണ രീതിയിലുണ്ടായ മാറ്റം, വ്യായാമത്തിന്‍െറയു ശാരീരിക അധ്വാനത്തിന്‍െറയും കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയാണ് പ്രധാന കാരണം. സമ്പത്തുകൂടുന്നതിനനുസരിച്ച് ഇതിലെല്ലാം മാറ്റം വരുന്നു. വാഹനങ്ങള്‍ പെരുകിയതോടെ മലയാളികള്‍ നടക്കാതായി.
പ്രവാസി കുടുംബങ്ങളില്‍ അര്‍ബുദം കൂടുതലാണ്.  നാട്ടില്‍ വേറിട്ടുകഴിയുന്ന കുടുംബങ്ങളില്‍ മാനസ്സിക സമ്മര്‍ദ്ദം കൂടുതലാണ്. മധ്യപ്രായത്തില്‍ സമ്മര്‍ദ്ദം കൂടുന്നത് അര്‍ബുദത്തിന് കാരണമാകും. ഹോര്‍മോണുകളിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണം. സ്തനാര്‍ബുദം കൂടാന്‍ കാരണം ഈ ഹോര്‍മോണ്‍ വ്യതിയാനമാണ്. നന്നേ ചെറുപ്പത്തിലേ ആര്‍ത്തവചക്രം ആരംഭിക്കുന്നതും വൈകി ആര്‍ത്തവം നില്‍ക്കുന്നതും അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. പണ്ട് 18ാം വയസ്സിലായിരുന്നെങ്കില്‍ ഇന്ന് എട്ടാം വയസ്സില്‍ ആര്‍ത്തവം തുടങ്ങുന്നു. കൊഴുപ്പുകൂടിയ ഭക്ഷണവും ശാരീരിക അധ്വാനമില്ലായ്മയുമാണ് ഈ മാറ്റത്തിന് കാരണം. 45 വയസ്സില്‍ നില്‍ക്കേണ്ട ആര്‍ത്തവം 55 വയസ്സുവരെ നീളുന്നതും പ്രശ്നമാണ്. 
ഇപ്പോള്‍ ഒരു ദിവസം തന്നെ കാണാന്‍ വരുന്ന പുതിയ രോഗികളില്‍  80 ശതമാനം പേരും ഗള്‍ഫുകാരാണെന്ന് ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് ലക്ഷണങ്ങള്‍ കണ്ടും ഡോക്ടര്‍മാര്‍ നാട്ടില്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചും വരുന്നവരാണിവര്‍. ഗള്‍ഫ് പ്രവാസികളുടെ എണ്ണം വളരെകൂടുലായതും താന്‍ ഇതുവരെ ജോലിചെയ്ത കോഴിക്കോട് മിംസില്‍ കൂടുതലും സാമ്പത്തിക സ്ഥിതിയുള്ളവര്‍ വരുന്നതുമായിരിക്കും ഈ കണക്കിന്‍െറ അടിസ്ഥാനം. എങ്കിലും പ്രവാസികളുടേത് ശരിയായ ഭക്ഷണ രീതിയല്ളെന്നും വ്യായാമം ചെയ്യുന്നില്ളെന്നതും സത്യമാണ് 
ഏറ്റവും കൂടുതല്‍ അര്‍ബദും വരാന്‍ സാധ്യതയുള്ളത് 45നും 70നുമിടയിലുള്ള പ്രായത്തിലാണ്. ഇപ്പോള്‍ 35 വയസ്സുമുതല്‍ കണ്ടുതുടങ്ങുന്നുണ്ട്. 30 വയസ്സിന് താഴെ സ്താര്‍ബുദം പിടിപ്പെടുന്നവരുടെ എണ്ണം  കൂടിവരുന്നു. 

പ്രതിരോധ മാര്‍ഗം
അര്‍ബുദത്തെ പ്രതിരോധിക്കാന്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന് ഭക്ഷണ രീതി മാറ്റുക. രണ്ട് വ്യായാമം ജീവിതത്തിന്‍െറ ഭാഗമാക്കുക. കൊഴുപ്പുള്ള ഭക്ഷണം കുറക്കണം. ബീഫും ആട്ടിറച്ചിയും ഒഴിവാക്കണം. പുകവലി, മദ്യപാനം തീരെ പാടില്ല. മാനസിക സമ്മര്‍ദം കൂടാതെ നോക്കുക. ഇതോടൊപ്പം വ്യായാമവും നിത്യശീലമാക്കിയാല്‍ പേടിക്കേണ്ടതില്ല. പ്രമേഹ രോഗികള്‍ക്ക് അര്‍ബുദ സാധ്യത കൂടുതലായതിനല്‍ നല്ല കരുതലെടുക്കണം.
കാന്‍സറിനെ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ചികിത്സയിലെ മുന്നേറ്റവും നേരത്തെ കണ്ടുപിടിക്കുന്നതും മാനസികമായി നേരിടാനുള്ള കരുത്ത് നേടിയതുമാണ് ഇതിന് കാരണങ്ങള്‍. നേരത്തെ കണ്ടുപിടിച്ചാല്‍ അര്‍ബുദം ഭേദമാക്കാം. ഇതിന് പരിശോധന തന്നെയാണ് പോംവഴി. സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യണം. 300 വിവിധ തരം അര്‍ബുദമുണ്ട്. ഇതില്‍ കൂടുതലും അപൂര്‍വമാണ്. വ്യാപകമായി കണ്ടവരുന്ന വായ, ശ്വാസകോശം, വന്‍കുടല്‍,പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നീ നാലുതരം അര്‍ബുദങ്ങള്‍ മുന്‍കൂര്‍ പരിശോധനയിലുടെ കണ്ടത്തൊനാകും. 40 വയസ്സിന് മുകളിലുള്ള സ്ത്രീകളും 50ന് മുകളിലുള്ള പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ ഈ പരിശോധന നടത്തണം. 6000 രുപയാണ് ഇതിന് ചെലവ്. എല്ലാ വലിയ ആശുപത്രികളിലും ഇതിന് സംവിധാനമുണ്ട്. രോഗ ലക്ഷണങ്ങള്‍ കണ്ട് ചികിത്സ തുടങ്ങുമ്പോഴേക്കും രോഗം ചില ഘട്ടങ്ങള്‍ പിന്നിട്ടിട്ടുണ്ടാകും. അതിന് കാത്തിരിക്കരുത്. പ്രായം ഒരുഘട്ടം പിന്നിട്ടാല്‍ സ്ഥിരമായി പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. എന്നാല്‍ പ്രമേഹ, ഹൃദ്രോഗ പരിശോധന സ്ഥിരമായി നടത്തുന്നവര്‍ പോലും അര്‍ബുദ പരിശോധനക്ക് തയാറല്ല. 

ചികിത്സയില്‍ വന്ന മാറ്റം
ആദ്യം അര്‍ബുദ ചികിത്സ എന്നത് രോഗം വന്ന അവയവം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യലായിരുന്നു. പിന്നീട് രോഗം വന്ന ഭാഗം മാത്രം നീക്കം ചെയ്യുന്ന രീതിയായി. പിന്നീട് റേഡിയേഷന്‍, കീമോ തെറപ്പി എന്നീ രീതികളത്തെി. ഇപ്പോള്‍ അര്‍ബുദം ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ടാര്‍ജറ്റഡ് തെറപ്പിയുണ്ട്. ഈ രീതികളെല്ലാം ഓരോന്നായോ ഒന്നിച്ചോ ചെയ്യുന്നതാണ് നിലവിലെ ചികിത്സാ രീതി. 
അസുഖത്തിന്‍െറ സ്വഭാവും ഘട്ടവുമനുസരിച്ചാണ് ഏതു ചികിത്സ വേണമെന്ന് തീരുമാനിക്കുക. രോഗം പരിപൂര്‍ണമായി മാറ്റുകയും അതിന്‍െറ പാര്‍ശ്വ ഫലങ്ങളില്ലാതെ ജീവിതം തുടരാന്‍ സാധിക്കുകയും വേണമെന്ന രീതിയിലാണ് ഈ രംഗത്ത് ഗവേഷണം നടക്കുന്നത്. 
കോഴിക്കോട് പുതുതായി തുടങ്ങുന്ന എം.വി.ആര്‍.സി.സി.ആര്‍.ഐയില്‍ കേരളത്തിലെ തന്നെ ഏറ്റവും ആധുനിക ചികിത്സാ സംവിധാനങ്ങളാണുള്ളതെന്ന് ഡോ. നാരായണന്‍കൂട്ടി വാര്യര്‍ പറഞ്ഞു.
അര്‍ബുദത്തെക്കുറിച്ച് കുറേയൊക്കെ സമൂഹത്തിന് ബോധം വന്നിട്ടുണ്ട്. എന്നാല്‍ പുര്‍ണമായിട്ടില്ല. രോഗിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അര്‍ബുദം മറച്ചുവെക്കുന്ന രീതി മാറ്റിയേ പറ്റു. അവര്‍ക്ക് ധൈര്യം പകര്‍ന്ന് രോഗത്തെ നേരിടാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.