അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുട്ടിനും ചർച്ച നടത്തി. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ റഷ്യൻ സന്ദർശനത്തിനിടെ പുട്ടിൻ ക്രെംലിനിൽ നൽകിയ സ്വീകരണത്തിലാണ് ഇരുവരും കൂടിക്കണ്ടത്. സിറിയൻ, ലിബിയൻ പ്രതിസന്ധികളും ഭീകര സംഘടനകൾക്ക് എതിരായ പോരാട്ടവും മിഡിലീസ്റ്റിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങളിൽ റഷ്യയുടെ ഉപദേശം തേടുന്നതിൽ താൽപര്യമുള്ള രാജ്യമാണ് യു.എ.ഇയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. പ്രവചിക്കാനാവാത്ത ഗുരുതര സംഭവങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിലുള്ള മേഖലയിൽ സുസ്ഥിരതയും സമാധാനവും ഉറപ്പുവരുത്താൻ റഷ്യയുടെ സജീവവും മഹത്തരവുമായ നടപടികളിലേക്ക് യു.എ.ഇ ഉറ്റുനോക്കുന്നു. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ക്രിയാത്മക സഹകരണത്തിലൂടെ മിഡിലീസ്റ്റിലും ലോകത്താകെയും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാമെന്ന യു.എ.ഇയുടെ നിലപാട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉറപ്പിച്ചുപറഞ്ഞു.
റഷ്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദം, സഹകരണം തുടങ്ങിയ കാര്യങ്ങളും ചർച്ചാവിഷയമായി. ശൈഖ് മുഹമ്മദ് ബിൻ സായിദിെൻറ സന്ദർശനത്തെ പുട്ടിൻ സ്വാഗതം ചെയ്തു. പരസ്പര ബഹുമാനവും പൊതു താൽപര്യങ്ങളും അടിസ്ഥാനമായി യു.എ.ഇയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ റഷ്യ ഏറെ താൽപര്യപ്പെടുന്നതായി പുട്ടിൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക, വാണിജ്യ ബന്ധത്തെ കുറിച്ചും ഉഭയകക്ഷി ബന്ധത്തിന് ഗുണകരമാകുന്ന തരത്തിൽ ആ ബന്ധങ്ങൾ വിപുലപ്പെടുത്തുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മോസ്കോ സന്ദർശനത്തിലും റഷ്യൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് സംതൃപ്തി പ്രകടിപ്പിച്ചു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ അന്വേഷണങ്ങളും റഷ്യൻ ജനതക്കുള്ള ആശംസകളും അദ്ദേഹം പുട്ടിനെ അറിയിച്ചു.
യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മാദ് ആൽ ശംസി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ ആൽ മുബാറക്, അബൂദബി കിരീടാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് ആൽ മസ്റൂഇ, റഷ്യയിലെ യു.എ.ഇ സ്ഥാനപതി ഉമർ സൈഫ് ഗബാശ്, റഷ്യൻ പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് ഒാഫിസ് ഡെപ്യൂട്ടി ചീഫ് ദിമിത്രി പിസ്കോവ്, വ്യവസായ^വാണിജ്യ മന്ത്രി ഡെനിസ് മൻഡുറോവ്, ഉൗർജ മന്ത്രി അലക്സാണ്ടർ നൊവാക്, ചെച്നിയ പ്രസിഡൻറ് റംസാൻ കദിറോവ് തുടങ്ങിയവരും ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.