ഏകീകൃത വാഹന ഇന്‍ഷുറന്‍സ് സംവിധാനത്തിന് അംഗീകാരം

അബൂദബി: വാഹന ഇന്‍ഷുറന്‍സുകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. പുതിയ സംവിധാനമനുസരിച്ച് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സും ഒറ്റ പോളിസിയായി നല്‍കും.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാണ്. 1987ല്‍ ആരംഭിച്ച നിലവിലുള്ള ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും വാഹനം നഷ്ടപ്പെടുകയോ ഉപേക്ഷിക്കേണ്ടിവരികയോ ചെയ്യുന്ന സാഹചര്യത്തിലേക്കുള്ള ഇന്‍ഷുറന്‍സിനും വെവ്വേറെ പോളിസികളായിരുന്നു. കഴിഞ്ഞ ദിവസം സാമ്പത്തിക മന്ത്രിയും ഇന്‍ഷുറന്‍സ് അതോറിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് ആല്‍ മന്‍സൂറിയാണ് പുതിയ ഇന്‍ഷുറന്‍സ് സംവിധാനം പ്രഖ്യാപിച്ചത്.
250,000 മുതല്‍ 20 ലക്ഷം വരെ ദിര്‍ഹം വിലയുള്ള വാഹനങ്ങള്‍ക്ക് അപകടം കാരണമായുണ്ടാകുന്ന നഷ്ടങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് പുതിയ സംവിധാനത്തില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 
അപകടത്തില്‍ പെട്ട വാഹനം നന്നാക്കുന്നതിനുള്ള ചെലവ് ഇന്‍ഷുറന്‍സ് കമ്പനി വഹിക്കണം. അറ്റകുറ്റപ്പണിക്കുള്ള ചെലവ് വാഹനത്തിന്‍െറ മാര്‍ക്കറ്റ് വിലയുടെ 50 ശതമാനം വരുന്നുവെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വാഹനത്തിന്‍െറ മാര്‍ക്കറ്റ് വില തന്നെ നല്‍കണം. 
അതേസമയം, 20 ലക്ഷം ദിര്‍ഹത്തിന് താഴെ വിലയുള്ള വാഹനങ്ങള്‍ക്കാണ് ഈ നിബന്ധന ബാധകം. വാടകക്കെടുത്ത വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ വാഹനം വാടകക്ക് എടുത്തയാള്‍ക്ക് പത്ത് ദിവസത്തേക്ക് 300 ദിര്‍ഹം വീതം നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടായിരിക്കും.
അപകടം സംഭവിച്ച കേസുകളില്‍ ശരീരത്തിനേറ്റ പരിക്കുകള്‍ക്ക് അനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം. അപകടത്തില്‍ മരണിച്ചത് ഇന്‍ഷുര്‍ ചെയ്യപ്പെട്ട കുടുംബത്തിലെ അംഗമോ വാടക വാഹനം, പൊതുഗതാഗത വാഹനം, ഡ്രൈവിങ് പഠന വാഹനം എന്നിവയിലെ ഡ്രൈവറോ ആണെങ്കില്‍ മരിച്ച ഓരോ വ്യക്തിക്കും ഇന്‍ഷുറന്‍സ് കമ്പനി 200,000 ദിര്‍ഹം വീതം നല്‍കണം. 
ഭര്‍ത്താക്കന്മാരും ഭാര്യമാരും കുട്ടികളും മാതാപിക്കളുമെല്ലാം ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. വാഹനത്തിനകത്ത് ഉള്ളവരും വാഹനത്തില്‍ കയറുന്നവരും ഇറങ്ങുന്നവും യാത്രക്കാരന്‍ എന്ന നിര്‍വചനത്തില്‍ വരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.