കേരളത്തിന്‍െറ പൈതൃക കലാപ്രകടനം  റാസല്‍ഖൈമയിലും ഷാര്‍ജയിലും

റാസല്‍ഖൈമ: കാണികളെ ആകാംക്ഷയുടെയും ഉദ്വേഗത്തിന്‍െറയും മുള്‍മുനയില്‍ നിര്‍ത്തുന്ന കേരളത്തിന്‍െറ പൈതൃക കലാരൂപങ്ങള്‍ യു.എ.ഇയിലും അവതരിപ്പിക്കപ്പെടുന്നു. പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച റാസല്‍ഖൈമയിലും ശനിയാഴ്ച ഷാര്‍ജയിലും പൊട്ടന്‍ തെയ്യം, മുടിയാട്ടം, കാളകളി, വേലവരവ് തുടങ്ങിയ കലാരൂപങ്ങള്‍ പ്രവാസി മലയാളികള്‍ക്കായി ഒരുക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 8.30ന് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ അല്‍ സഫീര്‍ ഇവന്‍റ്സും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാത്രി  എട്ടിന് അസോസിയേഷന്‍െറ മുന്‍കൈയിലും സൗജന്യമായാണ് നാടന്‍ കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്‍െറ തനത് കലകള്‍ അതിരൗദ്രമായി കാണികള്‍ക്ക് മുന്നിലത്തെിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കലാസംഘത്തിലെ മനോജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കരികാടി, തെയ്യം, കരകാട്ടം, കാവടിയാട്ടം, മൈലാട്ടം തുടങ്ങി 15ഓളം കലാരൂപങ്ങളും നാടന്‍ പാട്ടുകളും വേദിയില്‍ അരങ്ങേറും. ഉച്ചനീചത്വങ്ങള്‍ ശക്തമായിരുന്ന കാലത്ത് മനുഷ്യര്‍ സമന്മാരാണെന്ന് വിളിച്ച് പറയാന്‍ ചങ്കൂറ്റം കാട്ടിയ കീഴ് ജാതിക്കാരന്‍െറ ഐതിഹ്യമാണ് പൊട്ടന്‍ തെയ്യത്തിന് പുറകിലുള്ളതെന്നത് ശ്രദ്ധേയമാണ്. മലയന്‍, പുലയന്‍, ചിറവന്‍, പാണന്‍ തുടങ്ങി പല സമുദായക്കാരും പൊട്ടന്‍ തെയ്യം കെട്ടാറുണ്ട്. യുനെസ്കോയുടെ പൈതൃക കല പട്ടികയില്‍ ഇടം നേടിയ മുടിയേറ്റ് കുറുപ്പ്, മാരാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന അനുഷ്ഠാന കലയാണ്. കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കല്‍ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകള്‍.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.