അജ്മാന്‍: അജ്മാനിലെ കെട്ടിട നിര്‍മാണ കമ്പനിയില്‍ 50ഓളം തൊഴിലാളികള്‍ നരകയാതനയില്‍. അജ്മാന്‍ ഫ്രീസോണിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളമില്ലാതെ ദുരിതത്തിലായത്. പുതിയ വ്യവസായ മേഖലയിലെ പഴയ ലില്ലി ക്യാമ്പിന് പുറകുവശത്തെ ക്യാമ്പിലാണ് ഇവര്‍ താമസിക്കുന്നത്. തമിഴ്നാട്, തെലങ്കാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് സ്ഥാപനം.
ഗ്രൂപ്പിന് കീഴില്‍ മൂന്നോളം കമ്പനികള്‍ ഉണ്ട്. അഞ്ച് മാസത്തോളമായി ശമ്പളം ലഭിച്ചിട്ടെന്ന് ഇവര്‍ പറയുന്നു. വിസക്ക് പണം നല്‍കിയാണ് ഇവര്‍ ഇവിടെ എത്തിയത്. വലിയ തുക ബാധ്യത വന്നതിനാല്‍ പലചരക്ക് കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നത് നിര്‍ത്തി. 10,000ഓളം ദിര്‍ഹം ലഭിക്കാനുണ്ടെന്ന് അടുത്ത് പലചരക്ക് കട നടത്തുന്ന തലശ്ശേരി സ്വദേശി അര്‍ഷാദ് പറയുന്നു. താമസ സ്ഥലത്തെ വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ ചൂടത്തും വൈദ്യുതിയില്ലാതെയാണ് ഇവര്‍ കഴിയുന്നത്. 50 പേര്‍ക്ക് കൂടി ആകെ മൂന്ന് ശുചിമുറികളാണ് ഇവിടെയുള്ളത്. മാലിന്യം എടുക്കുന്നവര്‍ക്ക് പണം നല്‍കാത്തതിനാല്‍ അവര്‍ പണി നിര്‍ത്തിയത് പരിസരമാകെ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. തൊഴിലാളികള്‍ താമസിക്കുന്നതിനോട് ചേര്‍ന്ന ശൗചാലയത്തിലും അടുക്കളയിലും മാലിന്യം നിറഞ്ഞുനില്‍ക്കുന്നു. തൊഴിലുടമയെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ളെന്നും കമ്പനിയിലെ എന്‍ജിനിയര്‍ ഇടക്കിടെ വന്ന് ഭീഷണിപ്പെടുത്തുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
ഒരു മാസത്തോളമായി പത്തോളം പേരുടെ വിസ തീര്‍ന്നിട്ട്. പുതുതായി വന്നവരില്‍ വിസയടിക്കാത്തവരുമുണ്ട്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഇപ്പോള്‍ ജോലിക്ക് പോകാതിരിക്കുകയാണ്. ജര്‍ഫിലെ ക്യാമ്പില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ പലചരക്ക് കടയില്‍ പണം നല്‍കാത്തതിനാല്‍ കടയുടമ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവെച്ചിരിക്കുകയാണെന്നും അതിനാല്‍ പുറത്ത് പോലും പോകാന്‍ കഴിയുന്നില്ളെന്നും തമിഴ്നാട് സ്വദേശി ജയശീലന്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയെങ്കിലും തൊഴിലുടമ ഹാജരായില്ല. ക്യാമ്പിന്‍െറ വാടക അടക്കാത്തതിനാല്‍ ഇവിടെ നിന്ന് ഒഴിയണമെന്ന് കെട്ടിട ഉടമ നിര്‍ബന്ധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.