ദുബൈയിലെ ഖുര്‍ആന്‍ പാര്‍ക്കില്‍ ഗുഹയും ചില്ലുവീടും

ദുബൈ: ദുബൈ നഗരസഭയുടെ പദ്ധതിയായ ഖുര്‍ആന്‍ പാര്‍ക്കില്‍ 100 ദശലക്ഷം ദിര്‍ഹം ചെലവില്‍ ഗുഹയും ചില്ലുവീടും നിര്‍മിക്കുന്നു. 
പദ്ധതിക്ക് യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ നഗരസഭ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ദുബൈയില്‍ കൂടുതല്‍ ടൂറിസ്റ്റുകളളെ ആകര്‍ഷിക്കാനുള്ള ഭരണകൂടത്തിന്‍െറ തീരുമാനമനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 
അല്‍ ഖവാനീജിലെ 60 ഹെക്ടര്‍ പ്രദേശത്താണ് ഖുര്‍ആന്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. ഖുര്‍ആനിലെ ശാസ്ത്രീയ, വൈദ്യശാസ്ത്ര വിഷയങ്ങളിലെ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്നതായിരിക്കും പാര്‍ക്ക്. 

ഒൗഷധ സസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചില്ലുവീട്
 


ഇതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ഖുര്‍ആനിലും നബിചര്യയിലും പരാമര്‍ശിക്കപ്പെട്ട ഒൗഷധ ചെടികളുടെ പ്രാധാന്യം സന്ദര്‍ശകരെ ബോധ്യപ്പെടുത്തുന്ന പ്രദര്‍ശനം ചില്ലുവീട്ടില്‍ ഒരുക്കും. ഒൗഷധ ചെടികളുടെ മികച്ച ശേഖരം തന്നെ നഗരസഭ സംവിധാനിക്കുന്നുണ്ട്. ഓരോ ഇനം ചെടികളെക്കുറിച്ചും വിശദീകരിക്കും. ഇസ്ലാമിക സാംസ്കാരിക പാരമ്പര്യം ഇതിലൂടെ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഖുര്‍ആനിലെ അദ്ഭുതങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും ഗുഹ. ഇന്‍ററാക്ടീവ് ടെക്നോളജിയുടെ സഹായത്തോടെയായിരിക്കും ഗുഹ സംവിധാനിക്കുക. 
ദുബൈ നഗരസഭ നടപ്പാക്കുന്ന ഏറ്റവും നൂതനമായ പദ്ധതി കൂടിയായി ഇത് മാറും. നഗരത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. 12 പൂന്തോട്ടങ്ങള്‍ പാര്‍ക്കിലുണ്ടാകും. ഇതിലെല്ലാം ഒൗഷധ ചെടികള്‍ വെച്ചുപിടിപ്പിക്കും. അറബ് കാലിഗ്രാഫിയുടെ രൂപത്തില്‍ ഒരുക്കുന്ന സൗരോര്‍ജ മരങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കും. സൗജന്യ വൈഫൈയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും സൗരോര്‍ജ മരങ്ങളില്‍ ഉണ്ടാകും. 
മരത്തണലില്‍ സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.