അബൂദബി: അബൂദബി എമിറേറ്റിലെ 52 സ്കൂളുകളില്‍ 2017 ജനുവരി മുതല്‍ ധാര്‍മിക വിദ്യാഭ്യാസ പഠനം ആരംഭിക്കും. പൈലറ്റ് പ്രോജക്ടായാണ് 28 സ്വകാര്യ സ്കൂളുകളിലും 24 സര്‍ക്കാര്‍ സ്കൂളുകളിലും ധാര്‍മിക വിദ്യാഭ്യാസ കോഴ്സുകള്‍ ഉള്‍പ്പെടുത്തുന്നത്. 2017 സെപ്റ്റംബറില്‍ ആരംഭിക്കുന്ന അക്കാദമിക വര്‍ഷത്തില്‍ എമിറേറ്റിലെ എല്ലാ സ്കൂളുകളിലും ധാര്‍മിക വിദ്യാഭ്യാസം നിര്‍ബന്ധമാണ്്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ജൂലൈയിലാണ് ധാര്‍മിക വിദ്യാഭ്യാസം പാഠ്യക്രമത്തിന്‍െറ ഭാഗമാക്കി പ്രഖ്യാപിച്ചത്. നൈതികത, വ്യക്തിത്വ-സാമൂഹിക വികസനം, സാസ്കാരവും പാരമ്പര്യവും, സാമൂഹിക പഠനം, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നിങ്ങനെ അഞ്ച് പ്രധാന വിഷയങ്ങളിലൂന്നിയായിരിക്കും ധാര്‍മിക വിദ്യാഭ്യാസത്തിന്‍െറ പാഠ്യക്രമം തയാറാക്കുക.
ധാര്‍മിക വിദ്യാഭ്യാസം പഠിപ്പിക്കുന്നതിലൂടെ കുട്ടികളിലെ നല്ല സ്വഭാവങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നും തീവ്രവാദ ആശയങ്ങളെ ചെറുക്കാന്‍ ഇത് സഹായകരമാകുമെന്നും അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കരീമ ആല്‍ മന്‍സൂറി അഭിപ്രായപ്പെട്ടു.
അറബ് ലോകം ഇക്കാലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈവിധ്യങ്ങളെ അഭിനന്ദിക്കാനും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും അക്രമസ്വഭാവങ്ങളെ വെടിയാനും കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. രാഷ്ട്ര നേതാക്കളുടെ അത്യധികം വിവേകമുള്ള തീരുമാനമാണ് ധാര്‍മിക വിഷയങ്ങള്‍ പാഠ്യക്രമത്തിന്‍െറ ഭാഗമാക്കുക എന്നുള്ളത്. വിദ്യാര്‍ഥികള്‍ ക്ളാസില്‍ വരാതിരിക്കുന്നത് ഒഴിവാക്കാനും ക്രിയാത്മക വ്യക്തിത്വം വളര്‍ത്തിയെടുക്കാനും ഈ നീക്കത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
നിലവില്‍ യു.എ.ഇയിലെ മിക്ക സ്കൂളുകളും ഇസ്ലാമിക പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ചില സ്വകാര്യ സ്കൂളുകളില്‍ മറ്റു വിശ്വാസങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ആഗോള മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള ഒൗദ്യോഗിക പഠനം വളരെ കുറവാണ്. വിദ്യാഭ്യാസ മന്ത്രാലയം, അഡെക്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ അബൂദബി കിരീടാവകാശിയുടെ കാര്യാലയമാണ് ധാര്‍മിക വിദ്യാഭ്യാസത്തിനുള്ള പാഠ്യക്രമം തയാറാക്കുന്നത്.
ഒന്ന് മുതല്‍ 11 വരെ ഗ്രേഡുകളിലുള്ള കുട്ടികള്‍ക്ക് ഒരു പാഠം എന്ന തരത്തില്‍ ആഴ്ചയില്‍ ഒരു തവണയായിരിക്കും ധാര്‍മിക പാഠങ്ങള്‍ പഠിപ്പിക്കുക. ഓരോ പാഠത്തിനും 40 മിനിറ്റ് ലഭ്യമാക്കും.
സാമൂഹിക പാഠങ്ങളും മറ്റും പഠിപ്പിക്കുന്നവരായിരിക്കും ധാര്‍മിക വിഷയങ്ങളുടെയും അധ്യാപകര്‍. ഈ പാഠങ്ങളില്‍നിന്നുള്ള പ്രധാന കാര്യങ്ങള്‍ മറ്റു വിഷയങ്ങളില്‍ ഉള്‍പ്പെടുത്തി കിന്‍റര്‍ഗാര്‍ട്ടനിലും 12ാം ¤്രഗഡിലും പഠിപ്പിക്കും.
പരീക്ഷക്ക് പകരം പ്രാക്ടിക്കല്‍ സെഷനുകളും പ്രോജക്ടുകളും ഉപയോഗപ്പെടുത്തിയായിരിക്കും ധാര്‍മിക വിഷയ പാഠങ്ങളില്‍ കുട്ടികളുടെ പഠനനിലവാരം നിര്‍ണയിക്കുക. സര്‍ക്കാര്‍ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ പാഠ്യക്രമമുള്ള സ്കൂളുകളിലും അറബിയിലായിരിക്കും പാഠങ്ങള്‍. മറ്റ ു സ്വകാര്യ സ്കൂളുകളില്‍ ഇംഗ്ളീഷിലായിരിക്കുമ്പോഴും ആവശ്യമുള്ളവര്‍ക്ക് അറബി സ്വീകരിക്കാം.
വിഷയത്തിലുള്ള പാഠപുസ്തകങ്ങളും ഇലക്ട്രോണിക് ബോധനരീതികളും വികസിപ്പിച്ചതായും ഡോ. കരീമ ആല്‍ മന്‍സൂറി പറഞ്ഞു.
കുറച്ചു മാസങ്ങള്‍ക്കകം ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും. പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഉടന്‍ പരിശീലനം നല്‍കുമെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.