അല്‍ഐന്‍ പുസ്തകമേള തുടങ്ങി

അല്‍ഐന്‍: എട്ടാമത് അല്‍ഐന്‍ പുസ്തകമേളക്ക് കബീസി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഞായറാഴ്ച രാവിലെ പത്തിന് തുടക്കമായി. യു.എ.ഇയില്‍നിന്നുള്ള 77ഓളം പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്്.
അറബി, ഇംഗ്ളീഷ്  ഭാഷകളില്‍ സാഹിത്യം, ശാസ്ത്രം, ഗവേഷണം, ചരിത്രം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ കൂടാതെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളുടെ വിഭാഗവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ പുതുതലമുറയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി പ്രകൃതി സംരക്ഷണ ബോധവത്കരണ സെമിനാറുകള്‍ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യു.എ.ഇയിലെ പ്രഗത്ഭരായ കവികളുടെയും സാഹിത്യകാരന്മാരുടെയും പ്രഭാഷണങ്ങള്‍ളും എല്ലാ ദിവസവും ഉണ്ടാകും.
അബൂദബി വിനോദ സഞ്ചാര-സാംസ്കാരിക അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അല്‍ഐനില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്ന് അതോറിറ്റിയുടെ ചെയര്‍മാന്‍ അബ്ദുല്ല മാജിദ് ആലു അലി പറഞ്ഞു. ചിന്താപരവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്‍റിങ്, ഡ്രോയിങ്, വിവിധ ഗെയിമുകള്‍ എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കൗണ്‍സലിങ് കേന്ദ്രവും മേളയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
വിദ്യാര്‍ഥികള്‍ക്ക് സാംസ്കാരിക നായകരുമായി സംവധിക്കാനുള്ള അവസരമുണ്ട്. അജ്മാനില്‍നിന്നുള്ള മലയാളിയുടെ ഉടമസ്ഥതയിലുള്ള ബുക്ക്ലാന്‍റ് ബുക്ക്ഷോപ്പും മേളയില്‍ സജീവമാണ്. ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന മേളയിലെ സന്ദര്‍ശന സമയം രാവിലെ ഒമ്പത് മുതല്‍ ഉച്ചട്ട് ഒന്ന് വരെയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി വരെയായിരിക്കും സന്ദര്‍ശന സമയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.