പെരുന്നാള്‍ തിരക്കിലമര്‍ന്ന് പ്രവാസ ലോകം

ഷാര്‍ജ: ബലിപെരുന്നാളിന്‍െറ സന്തോഷത്തിലാണ് പ്രവാസ ലോകം. കച്ചവട കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദീര്‍ഘമായ അവധി കിട്ടിയ സന്തോഷം എല്ലാവരുടെ മുഖത്തുണ്ട്. കുറച്ച് ദിവസമായി നിലനിന്നിരുന്ന ചൂടിന് തെല്ല് കുറവ് വന്നതും പുറത്തെ തിരക്കിന് കാരണമായിട്ടുണ്ട്. ഞായറാഴ്ച അറഫാദിനവും പെരുന്നാള്‍ രാവുമാണ്. ഈ ദിവസം നോമ്പനുഷ്ഠിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഹജ്ജിനായി പോയവര്‍ ഒരേ വേഷത്തോടെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുന്ന പുണ്യകരമായ ദിനമാണ് അറഫ. പ്രവാചകന്‍ മുഹമ്മദിന്‍െറ അവസാന പ്രഭാഷണം നടന്ന ദിവസവുമാണത്.
ദൈവം തന്‍െറ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച ഇബ്രാഹിം പ്രവാചകന്‍െറയും മകന്‍ ഇസ്മായിലിന്‍െറയും ത്യാഗോജ്ജ്വലമായ ജീവിതത്തെയാണ് ബലിപെരുന്നാള്‍ സന്തോഷത്തിലൂടെ ലോകം സ്മരിക്കുന്നത്.
 പ്രവാസ ഭൂമിയില്‍ കഷ്ടപ്പെടുന്നവരെ കണ്ടത്തൊനും അന്നത്തിനും മറ്റുമുള്ള സാഹചര്യം ഒരുക്കാനും ഇവിടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഈ ദിവസങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ട്. നീണ്ട അവധി ലഭിക്കുമ്പോള്‍ അതിനെ വെറുതെ പാഴാക്കാതെ സഹജീവികളുടെ കണ്ണീരും നോവും അകറ്റാന്‍ ശ്രദ്ധിക്കുന്നവരാണ് പ്രവാസികള്‍.  ഇതിന് ജാതിയും മതവും ഒന്നുമില്ല. തന്‍െറ കൈയിലുള്ളത് കൊണ്ട് ഇല്ലാത്തവന്‍െറ അടുത്തേക്ക് ഓടി എത്താനുള്ള ഊര്‍ജമാണ് പ്രവാസികള്‍ക്ക് ഓണവും പെരുന്നാളും ക്രിസ്മസും പകരുന്നത്. പെരുന്നാള്‍- ഓണം ആഘോഷത്തോടനുബന്ധിച്ച് നിരവധി സേവന പരിപാടികളാണ് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള കലാ-കായിക പരിപാടികളും നടക്കുന്നുണ്ട്. കച്ചവട കേന്ദ്രങ്ങളും വലിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരന്‍െറ പെരുന്നാള്‍ സന്തോഷത്തിന്‍െറ തിളക്കം കൂട്ടാന്‍ ഇതും സഹായിക്കുന്നു.  വീണുകിട്ടിയ നീണ്ട അവധി നാട്ടില്‍ ചെലവഴിക്കാന്‍ പോകുന്നവരും നിരവധിയാണ്. യു.എ.ഇയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ബലി അറുക്കാനുള്ള മൃഗങ്ങളുമായി പോകുന്ന വാഹനങ്ങള്‍ യു.എ.ഇ നിരത്തുകളിലെ പ്രധാന കാഴ്ചയാണ്. വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള  തൊഴുത്തുകളില്‍ നിന്ന് ആടുമാടുകളുമായി വരുന്ന ലോറികളും കാണാം. പെരുന്നാള്‍ സന്തോഷത്തില്‍ നിന്ന് പ്രവാസ മലയാളം നേരെ പോകുന്നത് ഉത്രാട പാച്ചിലിലേക്കും തിരുവോണത്തിലേക്കുമാണ്. രണ്ട് ആഘോഷങ്ങളെയും ഒരു ചരടില്‍ കോര്‍ത്തിണക്കിയാണ് പ്രവാസം കൊണ്ടാടുന്നത്.

യു.എ.ഇ പ്രസിഡന്‍റ് ഈദാശംസ നേര്‍ന്നു
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വിവിധ അറബ്-മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെ ബലിപെരുന്നാള്‍ ആശംസയറിയിച്ചു. യു.എ.ഇയിലെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും അദ്ദേഹം ഈദാശംസ നേര്‍ന്നു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന് ഈദാശംസ നേര്‍ന്നു. ശൈഖ് ഖലീഫ ആരോഗ്യത്തോടെയും സുഖത്തോടെയും ഇരിക്കട്ടെയെന്നും യു.എ.ഇക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും സന്തോഷവും ലഭിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പ്രാര്‍ഥിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്കും  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ഈദാശംസ നേര്‍ന്നു. അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും അദ്ദേഹം ഈദ് സന്ദേശമയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.