മസ്തിഷ്കാഘാതം: 52 ദിവസമായി ആശുപത്രിയില്‍  കഴിയുന്ന മലയാളിക്ക് വീട്ടിലേക്കുള്ള വഴി തെളിയുന്നു

അബൂദബി: മസ്തിഷ്കാഘാതം സംഭവിച്ച് ബോധരഹിതനായ നിലയില്‍ 52 ദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ കഴിയുന്ന മലയാളി ഏലിയാസ് ജോര്‍ജിനെ (42) നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാഹചര്യമൊരുങ്ങുന്നു. അബൂദബിയിലെ സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി ഏലിയാസിനെ നാട്ടിലത്തെിക്കാന്‍ ആവശ്യമായ എയര്‍ ആംബുലന്‍സ് സൗകര്യം ഒരുക്കുന്നത്. 

ഏലിയാസ് ആശുപത്രിയില്‍ ബോധരഹിതനായി കിടക്കുന്ന വാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ ഈ ബിസിനസ് ഗ്രൂപ്പ് എയര്‍ ആംബുലന്‍സ് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഏലിയാസിന്‍െറ സഹോദരന്‍ ബ്രൂസ് ബിസിനസ് ഗ്രൂപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. 
എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കാണ് ഏലിയാസിനെ മാറ്റുക. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന അബൂദബി ക്ളീവ്ലാന്‍ഡ് ആശുപത്രിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരും തമ്മില്‍ രോഗവിവരത്തെ കുറിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. 

ഇരു വിഭാഗം ഡോക്ടര്‍മാരും ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി ചികിത്സ സംബന്ധിച്ച് കൂടുതല്‍ ആശയവിനിമയം നടത്തും. ഏലിയാസിനെ കൊണ്ടുപോകുന്ന കാര്യത്തില്‍ ക്ളീവ്ലാന്‍ഡ് ആശുപത്രി അധികൃതരും ബിസിനസ് ഗ്രൂപ്പും തമ്മില്‍ സംസാരിച്ച് തീരുമാനമെടുക്കും. ദുബൈ ആസ്ഥാനമായ കമ്പനിയാണ് എയര്‍ ആംബുലന്‍സ് ക്വട്ടേഷന്‍ എടുക്കുന്നത്. ഇനിയും ചില നടപടിക്രമങ്ങളുള്ളതിനാല്‍ ബലി പെരുന്നാള്‍ അവധിക്ക് മുമ്പ് കൊണ്ടുപോകാനാവുമോയെന്ന കാര്യത്തില്‍ ഉറപ്പില്ളെന്ന് ബ്രൂസ് പറഞ്ഞു. എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കാമല്ളോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഷുറന്‍സ് പരിധിയില്‍ വരാത്ത എന്തെങ്കിലും ബില്‍ ഉണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ളീവ് ലാന്‍ഡ് ആശുപത്രി അധികൃതര്‍ സഹകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 

ജൂലൈ 16നാണ് ഏലിയാസ് ജോര്‍ജിനെ മസ്തിഷ്കാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര വര്‍ഷമായി അബൂദബിയിലെ നാഷനല്‍ ടാക്സി കമ്പനിയില്‍ ഡ്രൈവറായ ഏലിയാസ് ജൂണ്‍ ആറിനാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നത്തെിയത്. കേന്ദ്ര-സംസ്ഥാന ഭരണതലത്തില്‍ നിരവധി തവണയാണ് ഏലിയാസിന്‍െറ കുടുംബം സഹായം അഭ്യര്‍ത്ഥിച്ചത്. യു.എ.ഇയിലെ ഇന്ത്യന്‍ എംബസി മുതല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വരെ അപേക്ഷ നല്‍കിയിട്ടും നടപടിയാകാതെ കുടുംബം വിഷമിക്കുകയായിരുന്നു. സ്ട്രച്ചര്‍ സംവിധാനത്തില്‍ കൊണ്ടുപോകാന്‍ മാത്രമേ എംബസിയില്‍ ഫണ്ടുള്ളൂവെന്നും എയര്‍ ആംബുലന്‍സ് ലഭ്യമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് അനുമതി ലഭിക്കണമെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. ഇതു പ്രകാരമാണ് സുഷമ സ്വരാജിന് കത്ത് നല്‍കിയത്. കെ.വി. തോമസ് എം.പിയുമായും വിഷയം സംസാരിച്ചു.

പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ സഹായാഭ്യര്‍ഥന നടത്തുകയും കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തു. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. നാട്ടില്‍ വയോധികരും രോഗികളുമായ അച്ഛനും അമ്മക്കും ഏലിയാസിന്‍െറ കുടുംബത്തിനും ഏറെ ആശ്വാസം പകരുന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പുരോഗതിയെന്ന് ബ്രൂസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.