ഗള്‍ഫിലും ഗുരു അനുസ്മരണവുമായി സി.പി.എം അനുഭാവികള്‍

ദുബൈ: കേരളത്തിന് പുറകെ ഗള്‍ഫിലും ശ്രീനാരായണ ഗുരു അനുസ്മരണവുമായി സി.പി.എം അനുഭാവികള്‍. അടുത്ത വെള്ളിയാഴ്ച ദുബൈയില്‍ നടക്കുന്ന ഗുരുസ്മൃതി പ്രവാസോത്സവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്നുണ്ട്. ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി. 
നേരത്തെ കേരളോത്സവം, കേരള വികസന സെമിനാര്‍ തുടങ്ങിയ വിവിധ പേരുകളില്‍ പൊതുപരിപാടികള്‍ സി.പി.എം അനുകൂലികള്‍ നടത്തിയിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത് മുമ്പ് യു.എ.ഇയിലത്തെി പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ആദ്യമായാണ് ശ്രീനാരായണ ഗുരുവിന്‍െറ പേരില്‍ സി.പി.എം അനുഭാവികള്‍ പൊതുപരിപാടിക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിന്‍െറ മാനവികതക്കായി ഗുരു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്  അനുസ്മരണമെന്ന് സംഘാടകര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഗുരുവിന്‍െറ പേരില്‍ പാര്‍ട്ടി അനുഭാവികളുടെ യോഗം നടത്തുകയാണ് ഉദ്ദേശ്യമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യു.എ.ഇയിലെ മറ്റ് ശ്രീനാരായണീയ സംഘടനാ പ്രതിനിധികളെ യോഗത്തിന് ക്ഷണിച്ചിട്ടില്ളെന്ന ആരോപണവുമുണ്ട്. 
എന്‍.എം.സി, യു.എ.ഇ എക്സ്ചേഞ്ച്, ലുലു ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ സീഷെല്‍സ് ഇവന്‍റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍, ഗുരുധര്‍മപ്രചാര സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, പ്രവാസലോകത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിക്കുമെന്ന് സംഘാടക പ്രതിനിധി കെ.എല്‍.ഗോപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗീത ശില്‍പം, ക്ളാസിക്കല്‍ നൃത്തങ്ങള്‍, നാടന്‍പാട്ട്, കുമാരാനാശാന്‍െറ ഛണ്ഡാലഭിക്ഷുകിയുടെ കലാവിഷ്കാരം, സംഘഗാനം തുടങ്ങിയ പരിപാടികള്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കും. വിനോദ് നമ്പ്യാര്‍, കുഞ്ഞമ്മദ്, ദിലീപ്, അഡ്വ.നജീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.