ത്രിമാന അച്ചടി: ലോകത്തെ ആദ്യ ഓഫിസ് ഉണ്ടാക്കിയത് 19 ദിവസം കൊണ്ട് 

ദുബൈ: കെട്ടിട നിര്‍മാണ രംഗത്തെ പുത്തന്‍ രീതിയായ ത്രിമാന അച്ചടി സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ ആദ്യ ഓഫിസ് ദുബൈയില്‍ ഉണ്ടാക്കിയത് കേവലം 19 ദിവസത്തിനകം. രൂപകല്‍പനയും നിര്‍മാണവും കുറഞ്ഞ ദിവസത്തിനകം പൂര്‍ത്തിയാക്കിയത് റെക്കോഡാണ്. ദുബൈ എമിറേറ്റ്സ് ടവറിന് സമീപം നിര്‍മിച്ച 250 ചതുരശ്രമീറ്റര്‍ കെട്ടിടം ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍െറ താല്‍ക്കാലിക ഓഫിസായി പ്രവര്‍ത്തിക്കും. 
കമ്പ്യൂട്ടറില്‍ ഓഫിസ് രൂപകല്‍പനക്കും പ്രിന്‍റിങിനും 17 ദിവസവും സ്ഥാപിക്കാന്‍ രണ്ട് ദിവസവുമാണെടുത്തത്. 20 അടി ഉയരവും 120 അടി നീളവും 40 അടി നീളവുമുള്ള ത്രീഡി പ്രിന്‍ററിലാണ് കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ നിര്‍മിച്ചത്. പിന്നീട് ഈ ഭാഗങ്ങള്‍ എമിറേറ്റ്സ് ടവര്‍ വളപ്പിലത്തെിച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 
പ്രത്യേക തരം സിമന്‍റും അമേരിക്കയില്‍ നിന്ന് എത്തിച്ചതും തദ്ദേശിയവുമായ വസ്തുക്കളും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ചൈനയിലും ബ്രിട്ടനിലും പരിശോധനക്ക് ശേഷമാണ് നിര്‍മാണ വസ്തുക്കള്‍ ഇവിടെയത്തെിച്ചത്. 


സാധാരണ നിര്‍മാണ രീതികളേക്കാള്‍ 50 ശതമാനം തൊഴില്‍ ചെലവ് കുറക്കാന്‍ ത്രീഡി പ്രിന്‍റിങ് സാങ്കേതിക വിദ്യയിലൂടെ സാധിച്ചു. പ്രിന്‍ററിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഒരാള്‍ മതി. കെട്ടിട ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഏഴുപേരും. 10 ഇലക്ട്രീഷ്യന്മാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘമാണ് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ നിര്‍വഹിച്ചത്.   സുരക്ഷ പരിഗണിച്ചാണ് പ്രത്യേക തരം ഡിസൈന്‍ കെട്ടിടത്തിന് നല്‍കിയത്. ഉള്‍ഭാഗവും ആധുനിക രീതിയിലാണ് രൂപകല്‍പന ചെയ്തത്. ഊര്‍ജോപയോഗം കുറക്കാന്‍ ജനാലകള്‍ക്ക് സണ്‍ഷേഡുകള്‍ നല്‍കി. വെയില്‍ നേരിട്ട് ഉള്‍ഭാഗത്ത് പതിക്കാതിരിക്കാനും കെട്ടിടത്തിനകത്ത് തണുപ്പ് നിലനിര്‍ത്താനും ഇത് സഹായിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.