ദൈദില്‍ ലോറികള്‍ കൂട്ടിയിടിച്ച് കത്തി ഒരു മരണം

ഷാര്‍ജ: ദൈദ്-മസാഫി റോഡില്‍ ലോറികള്‍ കൂട്ടിയിടിച്ച് 31 വയസുള്ള ഈജിപ്തുകാരന്‍ മരിച്ചു. കൂട്ടിയിടിച്ച ലോറികള്‍ക്ക് തീപിടിച്ചായിരുന്നു ഇയാളുടെ മരണമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.45നായിരുന്നു അപകടം. 
സുരക്ഷിത അകലം പാലിക്കാത്തതും ഗതാഗത നിയമങ്ങള്‍ മുഖവിലക്ക് എടുക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടം അറിഞ്ഞ് ദൈദ് നഗരസഭ അധികൃതര്‍, സിവില്‍ ഡിഫന്‍സ്, പൊലീസ്, പാരമെഡിക്കല്‍, ആംബുലന്‍സ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. ഏറെ പണിപ്പെട്ടാണ് സിവില്‍ഡിഫന്‍സ് വാഹനങ്ങള്‍ക്ക് പിടിച്ച തീ അണച്ചത്. തീയും പുകയും സ്ഫോടനങ്ങളും കാരണം അപകട ഭാഗത്തേക്ക് അടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. 
പൊലീസ് കേസെടുത്തു. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് ദൈദ് ആശുപത്രിയില്‍ ചികിത്സ നല്‍കി. വലിയ വാഹനങ്ങള്‍ക്ക് പുറമെ മറ്റ് വാഹനങ്ങളും പോകുന്ന പാതയാണിത്. പുലര്‍ച്ചെയായതിനാല്‍ ചെറിയ വാഹനങ്ങള്‍ നിരത്തില്‍ കുറവായതാണ് അപകടത്തിന്‍െറ തോത് കുറച്ചത്. 
മേഖലയില്‍ ലോറികള്‍ അപകടം വിതക്കുന്നത് പതിവായിട്ടുണ്ട്. ദൈദ്-മദാം റോഡില്‍ വിസ്ഹാ ഭാഗത്ത് ലോറി കാറിലിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 
ട്രക്കുകള്‍ പ്രധാന റോഡിലേക്ക് പെട്ടെന്ന് കടന്ന് വരാതിരിക്കുവാനുള്ള മുന്‍കരുതലുകളും ഇവിടെ എടുത്തിട്ടുണ്ട്. നിലവില്‍ വലിയ ലോറികള്‍ക്ക് ദൈദ് പട്ടണത്തില്‍ കയറാന്‍ അനുവാദമില്ല. യു.എ.ഇയിലെ ആദ്യത്തെ ചുങ്കപാതയിലൂടെയാണ് ലോറികള്‍ പോകുന്നത്. 
എന്നാല്‍ ഇവ ദൈദ്- മസാഫി റോഡിലെ സുഹൈല റൗണ്ടെബൗട്ടില്‍ വെച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടം വിതക്കുന്നത്. മറ്റ് മാര്‍ഗങ്ങളില്ലാത്തതും യു.എ.ഇയിലെ പ്രധാന ക്വാറി മേഖലയായ സിജിയിലേക്കുള്ള എളുപ്പ പാതയായതിനാലുമാണ് ലോറികള്‍ക്ക് ഇത് വഴി പ്രവേശം അനുവദിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.