തൊഴില്‍ സ്ഥലത്തെ കലാപം: എട്ടു തൊഴിലാളികളുടെ വിചാരണ തുടങ്ങി

ദുബൈ: തൊഴില്‍ സ്ഥലത്ത് കലാപമുണ്ടാക്കിയെന്ന കേസില്‍ എട്ട് തൊഴിലാളികളുടെ വിചാരണ ദുബൈ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. 23, 24 വയസ്സ് പ്രായമുള്ള ഏഴ് ഇന്ത്യക്കാരും നേപ്പാള്‍ സ്വദേശിയുമാണ് വിചാരണ നേരിടുന്നത്. 
അറബ്ടെക് എന്ന നിര്‍മാണ കമ്പനിയുടെ ജോലി സ്ഥലത്ത് ജനുവരി മൂന്നിന് രാത്രി കലാപമുണ്ടാക്കിയെന്നാണ് കേസ്. അനധികൃതമായി ഒത്തുചേരുക, കമ്പനിയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ക്കുക എന്നിവയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിക്ക് നാല് ലക്ഷം ദിര്‍ഹത്തിന്‍െറ നഷ്ടമുണ്ടായതായും പറയുന്നു. നിര്‍മാണപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിന്‍െറ ഇന്ധന ടാങ്ക് തുറന്ന് തീയിട്ടുവെന്ന ആരോപണവും ഒരാള്‍ക്കെതിരെയുണ്ട്. 
താമസ സ്ഥലത്ത് മോഷണം നടന്നുവെന്നും സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കറും താക്കോലും വേണമെന്നും രണ്ടുപേര്‍ കമ്പനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് 500ഓളം പേര്‍ സംഘടിച്ചുവന്ന് അക്രമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 
കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസില്‍ ജൂണ്‍ 14ന് കോടതി വിധി പറയും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.