വീടുകളില്‍ സൂക്ഷിച്ച 50 ടണ്‍  കരിമരുന്ന് പിടിച്ചെടുത്തു

റാസല്‍ഖൈമ: താമസയിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി കരിമരുന്ന് വില്‍പന നടത്തിവന്ന നാലുപേരെ റാസല്‍ഖൈമ പൊലീസ് പിടികൂടി. 
റാസല്‍ഖൈമയിലെയും ഉമ്മുല്‍ഖുവൈനിലെയും വില്ലകളില്‍ നടത്തിയ പരിശോധനയില്‍ 50 ടണ്‍ കരിമരുന്ന് പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്നാണ് രഹസ്യ വില്‍പനയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത പൊലീസ് കരിമരുന്ന് പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 
‘സ്നാപ്ചാറ്റ്’ എന്ന സാമൂഹിക മാധ്യമത്തില്‍ പ്രതികള്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നിന്നാണ് പൊലീസിന് അനധികൃത പടക്ക വില്‍പനയെക്കുറിച്ച് തുമ്പ് ലഭിച്ചത്. തുടര്‍ന്ന് ഓപറേഷന്‍ സ്നാപ്ചാറ്റ് എന്ന പേരിട്ട് രഹസ്യ പൊലീസിന്‍െറ സഹായത്തോടെ വ്യാപക അന്വേഷണം തുടങ്ങി. സി.ഐ.ഡി വിഭാഗം 18കാരായ രണ്ട് സ്വദേശി യുവാക്കളെ അറസ്റ്റ് ചെയ്തു. 
ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് റാസല്‍ഖൈമയിലെ വില്ലയില്‍ നടത്തിയ പരിശോധനയില്‍ കരിമരുന്ന് കണ്ടെടുത്തു. 
ഉമ്മുല്‍ഖുവൈനിലാണ് പ്രധാന വിതരണക്കാരന്‍ താമസിച്ചിരുന്നത്. ഉമ്മുല്‍ഖുവൈന്‍ പൊലീസിന്‍െറ സഹായത്തോടെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലും പടക്കങ്ങള്‍ പിടിച്ചെടുത്തു. 
വീട് വെയര്‍ഹൗസായി ഉപയോഗിച്ചുവരുകയായിരുന്നു ഇയാള്‍. കിടപ്പുമുറിയിലും അടുക്കളയിലും കുളിമുറിയിലും വരെ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് ഇയാള്‍ ഇത്രയും കരിമരുന്ന് സൂക്ഷിച്ചിരുന്നത്. നാല് പ്രതികളെയും പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.