അബൂദബി: പത്താമത് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സാഹിത്യത്തിന്‍െറ വിവിധ മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയവര്‍ക്ക് സമ്മാനിച്ചു. അറബ്- ലോക സാഹിത്യ രംഗത്തെ ഏഴ് പേര്‍ക്കാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന 26ാമത് അബൂദബി അന്താരാഷ്ട്ര മേളയില്‍ വെച്ചാണ് അവാര്‍ഡ് ജേതാക്കളെ ആദരിച്ചത്. ഏഴ് ജേതാക്കള്‍ക്കായി 55 ലക്ഷം ദിര്‍ഹവും പുരസ്കാര പത്രവും സമ്മാനിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ സംബന്ധിച്ചു. സാഹിത്യത്തിന്‍െറ ആറ് മേഖലകളിലായി പുരസ്കാരം നേടിയവര്‍ക്ക് 7.5 ലക്ഷം ദിര്‍ഹം വീതവും ഈ വര്‍ഷത്തെ സാംസ്കാരിക വ്യക്തിത്വത്തിന് പത്ത് ലക്ഷം ദിര്‍ഹവുമാണ് അവാര്‍ഡ് തുകയായി സമ്മാനിച്ചത്.
ലബനനില്‍ ജനിച്ച ഫ്രഞ്ച് എഴുത്തുകാരന്‍ അമിന്‍ മഅ്ലൂഫ് ആണ് സാംസ്കാരിക വ്യക്തിത്വം ആയി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രങ്ങളുടെ വികസനത്തിന് സംഭാവന നല്‍കിയവര്‍ക്കുള്ള വിഭാഗത്തില്‍ ഇമാറാത്തിയായ ഡോ. ജമാല്‍ സനദ് അല്‍ സുവൈദിയും സാഹിത്യ പുരസ്കാരത്തിന് ഈജിപ്ഷ്യന്‍ നോവലിസ്റ്റ് ഇബ്രാഹിം അബ്ദുല്‍ മജീദും നിരൂപണത്തിന് മൊറോക്കോ സ്വദേശിയായ സൈദ് യാക്തീനും തര്‍ജമക്ക് ഇറാഖി സ്വദേശി ഡോ. കെയാന്‍ യഹ്യയും പുരസ്കാരത്തിന് അര്‍ഹരായി. മറ്റ് ഭാഷകളിലെ അറബ് സംസ്കാരം വിഭാഗത്തിലുള്ള പുരസ്കാരം ഈജിപ്ത് സ്വദേശി റുഷ്ദി റാശിദിന് സമ്മാനിച്ചപ്പോള്‍ പ്രസിദ്ധീകരണ- സാങ്കേതിക വിഭാഗത്തിലുള്ള അവാര്‍ഡിന് ലബനാനില്‍ നിന്നുള്ള ദാര്‍ അല്‍ സഖി അര്‍ഹത നേടി.
അറബ് സാഹിത്യ- സാംസ്കാരിക ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റിയാണ് ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.