നിരപരാധിയായ മലയാളി യുവാവ് അഞ്ചു മാസമായി ദുബൈ ജയിലില്‍

ദുബൈ: മാസം 1000 ദിര്‍ഹം മാത്രം ശമ്പളമേയുള്ളൂ  കൊല്ലം തെക്കും ഭാഗം സ്വദേശിയായ സദാനന്ദന്‍ പ്രസാദിന്. പക്ഷെ അദ്ദേഹം ഇന്ന് ലക്ഷകണക്കിന് ദിര്‍ഹം കടബാധ്യതയുള്ള വലിയ സ്ഥാപനത്തിന്‍െറ ഉടമയാണ് !. അതുകൊണ്ടു തന്നെ നിയമത്തിന് മുന്നില്‍ കുറ്റവാളിയായ ഈ യുവാവ് അഞ്ചുമാസമായി ദുബൈയിലെ ജയിലില്‍ കഴിയുന്നു.
പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതാണ് ഈ പാവത്തിന്‍െറ ജീവിതം  മാറ്റിയെഴുതിയത്. രണ്ടു തവണയാണ് പാസ്പോര്‍ട്ട് മറ്റുള്ളവരുടെ അനാസ്ഥയില്‍ നഷ്ടമായത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രസാദ് അവധിക്ക് നാട്ടില്‍ പോയി മടങ്ങുമ്പോള്‍ അബൂദബി വിമാനത്താവളത്തില്‍ വെച്ചാണ്  എമിഗ്രേഷന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ദുബൈയിലെ കോടതിയിലേക്ക് കൊണ്ടുവരുന്നത്. 
അപ്പോഴാണ് താന്‍ 42,000 ദിര്‍ഹം വാടക കുടിശ്ശിക നല്‍കാത്തതിന്‍െറ പേരില്‍ 2005ല്‍ ദുബൈയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി ഫയല്‍ ഫയല്‍ ചെയ്ത കേസില്‍ തുക അടക്കാത്തതിന്‍െറ പേരില്‍ തനിക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും മനസിലായത്്. ഉടന്‍തന്നെ  പ്രസാദ് നാട്ടില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കള്‍ ദുബൈയിലെ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയെ ബന്ധപ്പെടുകയുമായിരുന്നു. 
അഭിഭാഷകന്‍ കോടതിയില്‍ ബന്ധപ്പെട്ട് വിവരം വിധി നടത്ത് കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍ പ്രസാദിന് സ്വന്തം പാസ്പോര്‍ട്ടിന്‍െറ ഉറപ്പിന്‍മേല്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ പാസ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പ്രസാദ് പറഞ്ഞത്് തന്നെ അബൂദബിയില്‍ നിന്ന് ദുബൈ പൊലീസ്  ആസ്ഥാനത്തേക്ക് കൊണ്ടുവന്ന ഉദ്യോഗസ്ഥന്‍ പാസ്പോര്‍ട്ട്  വാങ്ങിയിട്ട് തിരികെ നല്‍കിയില്ല എന്നാണ്. പാസ്പോര്‍ട്ട് കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ അബൂദബിയിലും ദുബൈയിലും നടത്തിയെങ്കിലും ഇതുവരെയും കിട്ടിയില്ല. പാസ്പോര്‍ട്ട് ജാമ്യം വെയ്ക്കാന്‍ മറ്റാരും തയാറാകാത്ത സാഹചര്യത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനുമാകില്ല. 
പ്രസാദിന്‍െറ ദുരന്തകഥയെക്കുറിച്ച് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറയുന്നതിങ്ങനെ: സദാനന്ദന്‍ പ്രസാദ് 2004ല്‍ ഷാര്‍ജ സജയിലെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ സാധാരണ തൊഴിലാളിയായി 1000 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു.  ഒരു ദിവസം ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വരുമ്പോള്‍ ഷാര്‍ജ ദൈദ് പൊലിസ് മദ്യം കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. 
പാസ്പോര്‍ട്ട് ഷാര്‍ജ ജയിലില്‍ ജാമ്യമായി വെച്ച് സദാനന്ദന്‍ പ്രസാദ് പുറത്തിറങ്ങി. തുടര്‍ന്ന് കോടതി സദാനന്ദന്‍ പ്രസാദിന് അനുകൂലമായി വിധിക്കുകയും ജാമ്യം വെച്ച പാസ്പോര്‍ട്ട് തിരിച്ചെടുക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഇതുമായി പാസ്പോര്‍ട്ട് തിരികെ വാങ്ങിക്കാന്‍ ചെന്ന സമയത്താണ് പാസ്പോര്‍ട്ട് ജയിലില്‍ കാണാനില്ളെന്ന് അധികാരികള്‍ പ്രസാദിനെ അറിയിച്ചത്. 
തുടര്‍ന്ന്  പാസ്പോര്‍ട്ട് പൊലീസിന്‍െറ പക്കല്‍ നിന്ന് കാണാതായി എന്നും ബോധ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍  പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയും പാസ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു. പിന്നീട്  പ്രസാദിന്‍െറ പേരില്‍ ധാരാളം  ചെക്ക് കേസുകള്‍  യു.എ.ഇയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പല വ്യക്തികളും സ്ഥാപനങ്ങളും ഫയല്‍ ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് പ്രസാദിന്‍െറ നഷ്ടപ്പെട്ട പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി അദ്ദേഹത്തിന്‍െറ പേരില്‍ ദുബൈ സ്പീഡ് വേ ഇലക്ട്രോണിക്സ് എല്‍.എല്‍.സി എന്ന പേരില്‍ കമ്പനി ആരംഭിക്കുകയും  ബാങ്കില്‍ അക്കൗണ്ട് തുറന്നതായും മനസ്സിലായത്.പൊലീസ് അന്വേഷണത്തില്‍ അബ്ദുല്‍ അസീസ് സാംബിയ എന്നയാളാണ് പാസ്പോര്‍ട്ട് ദുരുപയോഗപ്പെടുത്തി തട്ടിപ്പ് നടത്തിയതെന്ന്്  കണ്ടത്തെി. അക്കാലയവളില്‍ ഇയാളെ മുറക്കാബാദ് പൊലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഈ കേസുകളില്‍  പ്രസാദിന് ജാമ്യം നേടുകയും എല്ലാ കേസുകളിലും പ്രസാദ് നിരപരാധിയാണെന്ന് കണ്ട് കോടതികളും പ്രോസിക്യൂഷനും കുറ്റവിമുക്തനാക്കുകയും ചെയ്തു.
തുടര്‍ന്ന് പ്രസാദ് കുറേക്കാലം കൂടി ഷാര്‍ജ സജയിലെ കമ്പനിയില്‍തന്നെ ജോലി ചെയ്തതതിന് ശേഷം വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. പിന്നീട് സൗദി അറേബ്യയില്‍ ജോലി ലഭിച്ചു. 
ഇപ്പോള്‍ സൗദിയില്‍ നിന്ന് അവധി കഴിഞ്ഞ് അബൂദബി വിമാനത്താവളം വഴി മടങ്ങുമ്പോഴാണ്  പഴയ കേസിന്‍െറ പേരില്‍ അറസ്റ്റിലായത്. അക്കാലത്ത് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടത് ഷാര്‍ജ പൊലീസിന്‍െറ പക്കല്‍ നിന്നായിരുന്നു. 
എന്നാല്‍ ഇന്ന്  വീണ്ടും സൗദി വിസയുള്ള പാസ്പോര്‍ട്ട് പൊലീസിന്‍െറ പക്കല്‍ നിന്ന് പ്രസാദിന് ലഭിക്കാത്ത അവസ്ഥയിലാണ്. 
ദുബൈ കോടതിയില്‍ നിന്നും എമിഗ്രേഷനിലേക്കും പൊലീസിലേക്കും പാസ്പോര്‍ട്ട് ആവശ്യപ്പെട്ട്കൊണ്ട് കത്തയച്ചുവെങ്കിലും ഇതുവരെയും പാസ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇപ്പോള്‍ പ്രസാദ് ജയിലില്‍ കിടക്കുന്നത് ദുബൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി വാടക കുടിശ്ശിക്കായി ഫയല്‍ ചെയ്ത കേസില്‍ ദുബൈ വാടക തര്‍ക്ക കമ്മിറ്റി പാസാക്കിയ വിധിയുടെ അടിസ്ഥാനത്തിലാണ്. സ്പീഡ്വെ ഇലക്ട്രോണിക് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന മുറാക്കാബാദ് പ്രദേശത്തെ കെട്ടിടത്തിന്‍െറ  വാടക കുടിശ്ശികക്ക് വേണ്ടി ഫയല്‍ ചെയ്ത കേസാണിത്.
പ്രസാദിന്‍െറ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് നേടിയ ചെക്ക് ബുക്കില്‍ നിന്നും ഒട്ടനവധി സ്ഥാനപങ്ങള്‍ക്ക് വലിയ തുകയുടെ ചെക്കുകള്‍ നല്‍കിയിട്ടുണ്ട്. ദുബൈയിലെ ഒരു വക്കീലാഫീസിലേക്ക്  രണ്ടു ലക്ഷം ദിര്‍ഹമിന്‍െറ ചെക്കാണ്  നല്‍കിയിട്ടത്. 
കമ്പനി തുടങ്ങാനോ അക്കൗണ്ട് തുടങ്ങാനോ, വാടകക്ക് ഓഫിസ് കെട്ടിടമെടുക്കാനോ ഉള്ള യാതൊരു രേഖകളിലും പ്രസാദിന്‍െറ ഒപ്പില്ല. 
കേവലം 1000 രൂപ ശമ്പളത്തില്‍ സജയില്‍  ജോലി ചെയ്തിരുന്ന യുവാവാണ് താന്‍ അറിയാതെ വലിയ കമ്പനിയുടെ മുതലാളിയായി കള്ള കേസില്‍ കുടുങ്ങിയത്.  നിലവിലെ നിയമപ്രകാരം വാടക തര്‍ക്ക കമ്മിറ്റി 2015ന് മുമ്പ് പാസാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. 
എന്നാല്‍ എത്രയും വേഗം പ്രസാദിനെ ജയില്‍ മോചിതനാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും കേസ് ഫയല്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ പ്രസാദ് നിരപരാധിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കിയിട്ടും കേസ് പിന്‍വലിക്കാന്‍ തയാറായിട്ടില്ളെന്നും ആയതിനാല്‍ അവര്‍ക്കെതിരെ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ക്കായി കോടതിയെ സമീപിക്കുമെന്നും അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.