മുഹമ്മദ് ബിന്‍ റാശിദ് സൗരോര്‍ജ പാര്‍ക്കിന്‍െറ മൂന്നാംഘട്ട നിര്‍മാണത്തിന് കരാറായി

ദുബൈ: ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൗരോര്‍ജ പാര്‍ക്കിന്‍െറ 800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്നാം ഘട്ടം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, മസ്ദാര്‍ ഗ്രൂപ്പ് നയിക്കുന്ന കണ്‍സോര്‍ഷ്യത്തിന്  മൂന്നാംഘട്ട പദ്ധതിയുടെ നിര്‍മാണ കരാര്‍ നല്‍കിയതായി ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) സി.ഇ.ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. ദുബൈ അര്‍മാനി ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പദ്ധതി പ്രഖ്യാപനം.
ഇന്‍ഡിപെന്‍ഡന്‍റ് പവര്‍ പ്രൊഡ്യൂസര്‍ എന്ന ഐ പി പി മാതൃകയിലാണ് സോളാര്‍ പാര്‍ക്ക് നിര്‍മിക്കുകയെന്ന് യു.എ.ഇ സഹമന്ത്രിയും മസ്ദാര്‍ ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. സ്പാനിഷ് കമ്പനികളായ എഫ്.ആര്‍.വി, ഗ്രാന്‍ സോളാര്‍ ഗ്രൂപ്പ് എന്നവയടങ്ങുന്നതാണ് മസ്ദാര്‍ കണ്‍സോര്‍ഷ്യം. 
അന്താരാഷ്ട്ര ഊര്‍ജ കമ്പനികളില്‍ നിന്നായി 95 താല്‍പര്യപത്രങ്ങള്‍ ഈ പദ്ധതിയുടെ കരാറിനായി ലഭിച്ചിരുന്നെന്ന് അല്‍ തായര്‍ പറഞ്ഞു. 2015 സെപ്റ്റംബറിലാണ് ടെണ്ടര്‍ ക്ഷണിച്ചത്. ഇവയില്‍ ഏറ്റവും കുറഞ്ഞ ഊര്‍ജ നിരക്ക് രേഖപ്പെടുത്തിയത് മസ്ദാന്‍ കണ്‍സോര്‍ഷ്യമായിരുന്നു. ഒരു കിലോ വാട്ട് മണിക്കൂറിന് 2.99 യു.എസ്.ഡോളറാണ് ഇവര്‍ രേഖപ്പെടുത്തിയത്. അടുത്ത ഘട്ടത്തില്‍ ദീവ ഓഹരി പങ്കാളിത്തം വഹിക്കുകയും  ഊര്‍ജം വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കുകയും ചെയ്യും.
2020 ഓടു കൂടിയാണ് പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുക.
ദുബൈയുടെ ശുദ്ധ ഊര്‍ജ തന്ത്രം അനുസരിച്ച് 2030 ഓടെ ആകെ വൈദ്യുതിയുടെ 25 ശതമാനം സൗരോര്‍ജം ഉള്‍പ്പെടെയുള്ള ശുദ്ധ ഊര്‍ജം വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2050 ഓടെ ഇത് 75 ശതമാനമാക്കിയായി ഉയര്‍ത്തും. 
2030 ഓടെ  മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യൂതി ഉത്പാദിപ്പിക്കാനാണ് ദീവയുടെ പരിപാടി. സോളാര്‍ പാര്‍ക്കിന്‍െറ 13 മെഗാ വാട്ട് ഉത്പാദനശേഷിയുള്ള ആദ്യ ഘട്ടം 2013 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 
200 മെഗാവാട്ട് രണ്ടാം ഘട്ടം 2017 ഏപ്രിലില്‍ ഉത്പാദനം തുടങ്ങുന്നു. മൂന്നു ഘട്ടവും പൂര്‍ത്തിയാകുന്നതോടെ വര്‍ഷം 65 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.