അബൂദബി വിമാനത്താവളത്തില്‍  യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍

അബൂദബി: വേനല്‍ സീസണില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. യാത്രാനടപടികള്‍ വേഗത്തിലാക്കുന്നതിന് നവീന സംവിധാനം, വായനശാലകള്‍, മൂണ്‍ലൈറ്റ് ചെക് ഇന്‍ തുടങ്ങിയവയാണ് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഒരുക്കിയിട്ടുള്ളത്. 
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം അതിന്‍െറ ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് ലോകനിലവാരത്തിലുള്ള യാത്രാനുഭവം ലഭ്യമാക്കാന്‍ നിലകൊള്ളുമെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന മുഹമ്മദ് അല്‍ ഖതീരി പറഞ്ഞു. 
ഉന്നത നിലവാരമുള്ള സൗകര്യങ്ങള്‍, വില്‍പന ഓഫറുകള്‍ എന്നിവ തയാറാക്കിയിട്ടുണ്ട്. തങ്ങളുടെ ബ്രാന്‍ഡുകളിലും പ്രചാരണത്തിലും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളിലും യാത്രക്കാരുടെ പ്രതീക്ഷക്കൊത്ത് നവീകരണം കൊണ്ടുവരുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാനടപടികള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ ‘സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം’ മാര്‍ച്ചില്‍ നടപ്പാക്കിയിട്ടുണ്ട്. 
ടെര്‍മിനല്‍ ഒന്നിലും മൂന്നിലുമായി 25 ഇ-രജിസ്ട്രേഷന്‍ സ്റ്റാന്‍ഡുകള്‍, 58 ഇ-കവാടങ്ങള്‍, 76 സെല്‍ഫ് ബോര്‍ഡിങ് കവാടങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം. ഇതു വഴി വിമാനത്താവള നടപടിക്രമങ്ങള്‍ക്കുള്ള സമയം 70 ശതമാനം വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. 
2016 മാര്‍ച്ചില്‍ തുടങ്ങിയതു മുതല്‍ 2,163,608 യാത്രക്കാര്‍ സ്മാര്‍ട്ട് ട്രാവല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു. 
അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍റര്‍ (അഡ്നെക്), അബൂദബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സിറ്റി ചെക് ഇന്‍ എന്നിവിടങ്ങളില്‍ യാത്രയുടെ24 മണിക്കൂര്‍ മുമ്പ് ലഗേജുകള്‍ ഏല്‍പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താനാവും.
ദേശീയവ്യാപകമായി ആചരിക്കുന്ന വായനാവര്‍ഷത്തിന്‍െറ ഭാഗമായാണ് വിമാനത്താവളത്തിന്‍െറ ഒന്ന് , മൂന്ന് ടെര്‍മിനലുകളുടെ പുറപ്പെടല്‍ കവാടത്തില്‍ 20 മൊബൈല്‍ ലൈ ്രബറികള്‍ ഏര്‍പ്പെടുത്തിയത്. 
വിവിധ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ആസ്വദിക്കാനാകും വിധം വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഈ ലൈബ്രറികളില്‍ ലഭ്യമാണ്. 
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര തുടങ്ങുന്നവര്‍ക്ക് യു.എ.ഇയുടെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയര്‍വേസ് മൂണ്‍ലൈറ്റ് ചെക് ഇന്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. മൂണ്‍ലൈറ്റ് ചെക് ഇന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അഞ്ച് കിലോഗ്രാം ചെക്ഡ് ബാഗേജ്, 2500 മൈല്‍ ഗസ്റ്റ് വൗച്ചര്‍, സ്കൈ പാര്‍ക്കില്‍ ഒരു മണിക്കൂര്‍ സൗജന്യ പാര്‍ക്കിങ് എന്നിവ അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.