ദുബൈ വ്യവസായ നയം പ്രഖ്യാപിച്ചു

ദുബൈ: വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടവും ആയിരക്കണക്കിന് തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ദുബൈ വ്യവസായ നയം യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു. 
2030ഓടെ 75 പദ്ധതികളിലൂടെ 16000 കോടി ദിര്‍ഹത്തിന്‍െറ വരുമാനമുണ്ടാക്കുമെന്ന് നയത്തില്‍ പറയുന്നു. വിജ്ഞാനാധിഷ്ഠിതവും സുസ്ഥിരവും നവീനവുമായ വ്യവസായങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. അഞ്ച് അടിസ്ഥാന തത്വങ്ങള്‍ക്കനുസരിച്ചാണ് നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ മൊത്ത ഉല്‍പാദനം വര്‍ധിപ്പിക്കുക, നവീന ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുക, ദുബൈയെ മികച്ച ഉല്‍പാദന കേന്ദ്രമാക്കി മാറ്റുക, പരിസ്ഥിതി സൗഹൃദവും ഊര്‍ജക്ഷമതയുമുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇസ്ലാമിക ഉല്‍പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റുക എന്നിവയാണ് അടിസ്ഥാന തത്വങ്ങള്‍. മുന്‍ഗണന നല്‍കേണ്ട ആറ് ഉപമേഖലകളും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിമാന സ്പെയര്‍ പാര്‍ട്സ് നിര്‍മാണം, ജലയാന നിര്‍മാണം, അലുമിനിയം- ഫാബ്രിക്കേറ്റഡ് മെറ്റല്‍സ്, മരുന്ന്- വൈദ്യ ഉപകരണങ്ങള്‍, ഭക്ഷണ- പാനീയങ്ങള്‍, യന്ത്രങ്ങളും ഉപകരണങ്ങളും എന്നിവയാണവ. ഭാവി വളര്‍ച്ചാ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഈ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ കൊടുക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും  കയറ്റുമതി വിപണിയുടെ കുതിപ്പിനും ഈ മേഖലകള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 
വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്സ് നിര്‍മാണം, അറ്റകുറ്റപണി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദുബൈ ഡ്രൈ ഡോക്സ്, ദുബൈ മാരിടൈം സിറ്റി എന്നിവയുടെ വികസനത്തിലൂടെ ജലയാന നിര്‍മാണ രംഗത്ത് ശ്രദ്ധ പതിപ്പിക്കും. അലുമിനിയം ഉല്‍പാദനം വര്‍ധിപ്പിക്കുകയും ഉല്‍പന്ന നിര ശക്തിപ്പെടുത്തുകയും ചെയ്യും. നിലവില്‍ ജി.സി.സി രാജ്യങ്ങള്‍ക്കാവശ്യമായ മരുന്നുകളുടെ 80 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ സ്ഥാപിക്കപ്പെടുന്നതിലൂടെ മരുന്ന് ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സാധിക്കും. ഹലാല്‍ ഭക്ഷ്യവസ്തു ഉല്‍പാദനത്തിലും യന്ത്രസാമഗ്രികളുടെ നിര്‍മാണത്തിലും  സമാന സാഹചര്യമാണ് വ്യവസായ നയം ലക്ഷ്യമിടുന്നത്. 
2030ഓടെ 1800 കോടി ദിര്‍ഹത്തിന്‍െറ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയില്‍ 1600 കോടി ദിര്‍ഹത്തിന്‍െറ വര്‍ധനയുണ്ടാകും. 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 
ഗവേഷണ രംഗത്തെ നിക്ഷേപത്തില്‍ 700 ദശലക്ഷത്തിന്‍െറ വളര്‍ച്ചയുമുണ്ടാകും. നവീന വ്യവസായ സംരംഭങ്ങള്‍ സ്ഥാപിക്കാനും വളര്‍ത്തിയെടുക്കാനുമുള്ള മികച്ച അവസരമാണ് ദുബൈ ഒരുക്കുന്നതെന്ന് നയം പുറത്തിറക്കിക്കൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു. 
ഉല്‍പാദന മേഖലയാണ് ഒരു രാജ്യത്തിന്‍െറ കരുത്ത്. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഈ മേഖലയെ ശക്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.