ബ്രെക്സിറ്റ്: ഗള്‍ഫ് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച

ദുബൈ: യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്‍െറ തീരുമാനത്തെ തുടര്‍ന്ന് ഗള്‍ഫ് ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ദുബൈ ഓഹരി സൂചിക കൂപ്പുകുത്തി. അബൂദബി, സൗദി ഓഹരി വിപണികള്‍ക്കും തിരിച്ചടി നേരിട്ടു.
ബ്രിട്ടനിലെ ഹിതപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷമുള്ള ഗള്‍ഫിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഞായറാഴ്ച. വ്യാപാരം ആരംഭിച്ച ആദ്യമണിക്കൂറുകളില്‍ ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സൂചിക 4.7 ശതമാനം ഇടിഞ്ഞു. പക്ഷെ, വ്യാപാരം അവസാനിപ്പിക്കും മുമ്പ് 3.25 ശതമാനത്തിലേക്ക് നില മെച്ചപ്പെടുത്താന്‍ ദുബൈ വിപണിക്ക് കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് മേഖലകളിലെ ഓഹരികള്‍ക്കാണ് ഏറ്റവും തിരിച്ചടിയുണ്ടായത്. ഇത്തരം ഓഹരികള്‍ വിറ്റൊഴിക്കാനുള്ള പ്രവണതയാണ് തകര്‍ച്ചക്ക് കാരണം. 
ഇമാര്‍ പ്രോപ്പര്‍ട്ടീസിന്‍െറ ഓഹരികള്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് വീണു. വില 4.69 ശതമാനം താഴ്ന്ന് ആറ് ദിര്‍ഹം 10 ഫില്‍സ് എന്ന നിലയിലത്തെി. എമിറേറ്റ്സ് എന്‍.ബി.ഡി ബാങ്കിന്‍െറ ഓഹരികളുടെ മൂല്യം 2.28 ശതമാനം ഇടിഞ്ഞു.  അബൂദബി ഓഹരി വിപണിയും 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം തുടങ്ങിയത്. എന്നാല്‍, 1.85 ശതമാനം മാത്രം ഇടിവിലേക്ക് ക്ളോസിങിന് മുമ്പ് സൂചിക പിടിച്ചുനിര്‍ത്താനായി. സൗദി അറേബ്യയുടെ തദാവുല്‍ ഓഹരിയും 4.3 ശതമാനം ഇടിഞ്ഞു. യൂറോ, പൗണ്ട് എന്നീ കറന്‍സികളുടെ മൂല്യം ഇടിഞ്ഞത് യു.എ. ഇയുടെ ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലയെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലുള്ളവര്‍ ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ പണം ചെലവാകുന്നത് ഒഴിവാക്കുമെന്ന് മാത്രമല്ല, വികസ്വര രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ സ്വന്തം രാജ്യത്തേക്ക് പിന്‍വലിക്കാനുള്ള പ്രവണതയും ഏറും. ഇത് ഗള്‍ഫ് വിപണിക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.