ദുബൈയില്‍ മലയാളിയുടെ ഹോട്ടല്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു

ദുബൈ: ദുബൈ കരാമയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റില്‍ വന്‍ പൊട്ടിത്തെറി. ചൊവ്വാഴ്ച രാവിലെ എഴുമണിയോടെ ഉസ്താദ് ഹോട്ടലിലാണ് പ്രദേശമാകെ നടുങ്ങിയ പൊട്ടിത്തെറിയുണ്ടായത്. പാചക വാതകം വരുന്ന കുഴലിലുണ്ടായ ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ രണ്ടു നിലയിലായി പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും റമദാന്‍ ആയതിനാലും അതിരാവിലെയായതിനാലും ആളപായമില്ല. ഹോട്ടലിലേക്ക് മത്സ്യം എത്തിച്ച് മടങ്ങുകയായിരുന്ന ഡ്രൈവര്‍ മുജീബിന്് നിസാര പരിക്കേറ്റു. തൊട്ടടുത്ത  കടകള്‍ക്കും  കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഏഴോളം കാറുകള്‍ക്കും കേടുപാടുകള്‍ പറ്റി. തൊട്ടുമുമ്പില്‍ പെട്രോള്‍ സ്റ്റേഷനാണെങ്കിലും പൊട്ടിത്തെറിയത്തെുടര്‍ന്ന് വലിയ തോതില്‍ തീപ്പിടിത്തം ഉണ്ടാകാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. 10 ലക്ഷം ദിര്‍ഹത്തിന്‍െറ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  കോഴിക്കോട് സ്വദേശി മുഹമ്മദ് ബിനീഷിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. 
പാചക വാതകക്കുഴലിലെ ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് കരുതുന്നതെങ്കിലും പാചക വാതകം ചോര്‍ന്നതിന്‍െറ ഗന്ധമോ തീപ്പിടിത്തമോ  ഉണ്ടായിരുന്നില്ളെന്ന് സംഭവസ്ഥലത്ത് ആദ്യമത്തെിയവര്‍ പറഞ്ഞു. സംഭവം അറിഞ്ഞയുടനെ സിവില്‍ ഡിഫന്‍സും പൊലീസും സ്ഥലത്തത്തെി. ചെറുതായി കണ്ട തീ അഞ്ചു മിനിറ്റിനകം അണച്ചതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് ഉന്നത അധികാരികളും നഗരസഭാ ഉദ്യോഗസ്ഥരും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മൂന്നു നിലയുള്ള അല്‍ മസ്കാന്‍ കെട്ടിടത്തിലെ ഒരു ഭാഗത്ത് താഴെ രണ്ടു നിലയിലാണ് ഉസ്താദ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് മുകളിലെ ഫ്ളാറ്റുകളിലുണ്ടായിരുന്നവരെ ഉടനെ ഒഴിപ്പിച്ചു. കെട്ടിടത്തിനു സമീപത്തുള്ള ഇടറോഡുകള്‍ അടച്ചു. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ഭൂകമ്പമാണെന്നാണ് കരുതിയതെന്നും സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്നവര്‍ പറഞ്ഞു. പൊട്ടിത്തെറിയില്‍ ചില്ലും കമ്പികളും മറ്റു അവശിഷ്ടങ്ങളും സമീപമെങ്ങും തെറിച്ചുവീണു. ഇവ വീണാണ് ഹോട്ടലിന് പുറത്ത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയത്. സമീപത്തെ മറ്റു കടകളൊന്നും തുറന്നിരുന്നില്ല. അതുകൊണ്ടുതന്നെ വിജനമായിരുന്നു പ്രദേശം.
തിങ്കളാഴ്ച രാത്രി ഒരു മണിവരെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതായും വാതക ചോര്‍ച്ചയോ അസ്വാഭാവികമായി മറ്റൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ളെന്നും ഉടമ ബിനീഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.