സൗദിയില്‍ നിന്ന് വൃക്ക പറന്നത്തെി: ദുബൈയിലെ ആദ്യ അവയവ മാറ്റ ശസ്ത്രക്രിയ വിജയം

ദുബൈ: ദുബൈയിലെ ആദ്യ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. പ്രമേഹ രോഗം മൂലം വൃക്ക തകരാറിലായ സ്വദേശിയായ 29 കാരിക്കാണ് വിജയകരമായി മറ്റൊന്ന് വെച്ചുപിടിപ്പിച്ചത്.
മുഹമ്മദ് ബിന്‍ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസാണ് മെഡിക്ളിനിക്ക് സിറ്റി ഹോസ്പിറ്റലുമായി ചേര്‍ന്ന് ജൂണ്‍ എട്ടിന് വൃക്ക മാറ്റിവെക്കല്‍ നടത്തിയത്. സൗദി സ്വദേശിയായ ദാതാവിന്‍െറ വൃക്ക പ്രത്യേക വിമാനത്തില്‍ ദുബൈയിലത്തെിക്കുകയായിരുന്നു.
രണ്ട് കുട്ടികളുടെ മാതാവായ യുവതി കഴിഞ്ഞ ഒരുവര്‍ഷമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആഴ്ചയില്‍ മൂന്നുതവണ നാലുമണിക്കൂര്‍ നീളുന്ന ഡയാലിസിസാണ് ചെയ്തുവന്നിരുന്നത്. തുടര്‍ന്നാണ് വൃക്ക മാറ്റിവെക്കാന്‍ തീരുമാനിച്ചത്. സൗദി സെന്‍റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്‍േറഷന്‍െറ സഹായത്തോടെയാണ് ദാതാവിനെ കണ്ടത്തെിയത്.
റിയാദില്‍ നിന്ന് ദുബൈയിലേക്ക് പ്രത്യേക വിമാനത്തില്‍ വൃക്ക എത്തിച്ചു. ദുബൈ എയര്‍പോര്‍ട്സ്, ദുബൈ ആംബുലന്‍സ്, ദുബൈ കസ്റ്റംസ്, താമസ-കുടിയേറ്റ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വൃക്ക എത്രയും പെട്ടെന്ന് സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞത്. ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ളിനിക്ക് സിറ്റി ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടന്നു. ദുബൈയിലെ ആദ്യ അവയവ മാറ്റ ശസ്ത്രക്രിയ കൂടിയായി ഇത് മാറി.
അയര്‍ലാന്‍റിലെ നാഷണല്‍ കിഡ്നി ആന്‍ഡ് പാന്‍ക്രിയാസ് ട്രാന്‍സ്പ്ളാന്‍റ് പ്രോഗ്രാം മുന്‍ ഡയറക്ടറും അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ.ഡേവിഡ് ഹിക്കി, എം.ബി.ആര്‍.യു അസി. പ്രഫസറും കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റുമായ ഡോ. ഫര്‍ഹാദ് ജനാഹി എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട യുവതി സുഖം പ്രാപിച്ചുവരികയാണ്. സ്വന്തം നാട്ടില്‍ തന്നെ ശസ്ത്രക്രിയക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ചത് പുതുജീവിതമാണെന്നും യുവതി പ്രതികരിച്ചു.
ഗുരുതര രോഗം ബാധിച്ചവര്‍ക്ക് താങ്ങാവുന്ന തരത്തില്‍ അവയവ ദാനത്തിന് കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു.
ദുബൈയിലെ ആദ്യ മെഡിക്കല്‍ സര്‍വകലാശാലയില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്താനായത് നേട്ടമാണെന്ന് ദുബൈ ഹെല്‍ത്ത്കെയര്‍ സിറ്റി അതോറിറ്റി വൈസ് ചെയര്‍പേഴ്സണും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡോ. റാജ ഈസ അല്‍ ഗുര്‍ഗ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.