ജല-വൈദ്യുതി കണക്ഷന് ഇജാരി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ദീവ

ദുബൈ: ദുബൈ ജല- വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് താമസ കേന്ദ്രത്തിന്‍െറ വാടക കരാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് (ഇജാരി) നിര്‍ബന്ധമാണെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി അറിയിച്ചു. ദുബൈ ലാന്‍ഡ് ഡിപാര്‍ട്മെന്‍റാണ് ഇജാരി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇനി മുതല്‍ ജല- വൈദ്യുതി കണക്ഷന്‍ നല്‍കൂവെന്ന് ദീവ പുറത്തുവിട്ട വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖലയിലെ നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് ദുബൈ സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം പുതിയ രീതി നടപ്പാക്കാന്‍ ദീവ തീരുമാനമെടുത്തത്. 2015 നവംബറില്‍ ദുബൈ ലാന്‍ഡ് ഡിപാട്മെന്‍റുമായി ചേര്‍ന്ന് തകാമുല്‍ പദ്ധതി ദീവ നടപ്പാക്കിയിരുന്നു. ജല- വൈദ്യുതി സേവനങ്ങളും ഇജാരി സര്‍ട്ടിഫിക്കറ്റും റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയുടെ അംഗീകാരമുള്ള ഓഫിസുകളിലൂടെ ലഭിക്കുന്ന പദ്ധതിയാണിത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് രണ്ട് ഓഫിസുകള്‍ സന്ദര്‍ശിക്കേണ്ട അവസ്ഥ ഇതിലൂടെ ഒഴിവായി.
നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാവുകയും ചെയ്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായും ഇത്തരത്തില്‍ സേവനങ്ങളെ ബന്ധിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു.
കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ആളുകള്‍ക്ക് നേരിട്ട് ഓഫിസുകളില്‍ എത്തേണ്ട അവസ്ഥ ഇല്ലാതാകും.
ദുബൈയെ 2021ഓടെ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റാനുള്ള യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശപ്രകാരമാണ് സ്മാര്‍ട്ട് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും സഈദ് മുഹമ്മദ് അല്‍ തായിര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.