ഷാര്‍ജ: അടുത്ത മാസം വാടക കരാറുകള്‍ ഉള്‍പ്പെടെയുള്ളവ സാക്ഷ്യപ്പെടുത്തുന്നതിന് നിരക്ക് കൂടുമെന്നിരിക്കെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ തിരക്കേറി. 34,000 കരാറുകളാണ് ഈ മാസം പുതുക്കിയത്. ഷാര്‍ജ യുണിവേഴ്സിറ്റി റോഡില്‍ ഫുട്ബാള്‍ മൈതാനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെടുന്നത്. വാര്‍ഷിക വാടകയുടെ രണ്ട് ശതമാനമാണ് നിലവില്‍ വാടക കരാര്‍ പുതുക്കുന്നതിന് നല്‍കേണ്ടത്. എന്നാല്‍ അടുത്ത മാസം ഇത് നാലായി ഉയരും. ഇതിനാവശ്യമായ പ്രമാണങ്ങളുടെ വില 50 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമായും ഉയരും. ഇതെല്ലാം കണക്കിലെടുത്താണ് താമസ കരാറും മറ്റും പുതുക്കുന്നതിന് തിക്കും തിരക്കും കൂടിയത്. 12 ഓഫിസുകള്‍ കൂടി കരാറുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ കേന്ദ്രത്തിലും രാവിലെ മുതല്‍ തിരക്കാണ്. ജോലിയില്‍ നിന്ന് അവധിയെടുത്താണ് പലരും രാവിലെ മുതല്‍ വരി നില്‍ക്കുന്നത്. ആഗസ്റ്റ് ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തിരുമാനപ്രകാരമാണ് തുക കൂട്ടുന്നത്. താമസ മേഖലയുടെ വാടക കരാര്‍ പുതുക്കുന്നതിന് വാര്‍ഷിക വാടകയുടെ രണ്ട് ശതമാനമാണ് നിലവിലെ നിരക്ക്.
ഇത് ആഗസ്റ്റ് ഒന്നുമുതല്‍ നാല് ശതമാനമായി ഉയരും. വാണിജ്യ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനം നല്‍കണം. നിക്ഷേപ കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ മൂന്ന് ശതമാനവും നല്‍കണമെന്ന് നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.