ശമ്പളവും താമസ രേഖകളുമില്ലാതെ എട്ടുമാസമായി  തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

ജുബൈല്‍: ശമ്പളവും താമസ രേഖകളുമില്ലാതെ എട്ടുമാസമായി ജുബൈലിലെ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. ജുബൈല്‍ റോയല്‍ കമീഷനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്ത് ചെയ്യുന്ന ഖോബാര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ 150 ഇന്ത്യക്കാരുള്‍പ്പടെ 350 തൊഴിലാളികളാണ് കഷ്ടപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. മുമ്പൊരിക്കല്‍ ശമ്പളം ആവശ്യപ്പെട്ട് തൊഴിലാളികള്‍ ക്യാമ്പ് ബഹിഷ്കരിച്ച ്പുറത്ത് ഇറങ്ങി നിന്നതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇടപെടുകയും തല്‍ക്കാലം രണ്ട് മാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കമ്പനി വാക്ക് പാലിച്ചില്ല. പിന്നീട് കുടിശ്ശിക അടക്കം ശമ്പളം ആവശ്യപ്പെട്ട് മാനേജ്മെന്‍റ് പ്രതിനിധികളെ കഴിഞ്ഞ ജൂണില്‍ ഓഫിസിനുള്ളില്‍ തടഞ്ഞുവെക്കുകയുണ്ടായി. അന്ന് പൊലീസും ലേബര്‍ ഉദ്യോഗസ്ഥരുമത്തെി നടപടിയെടുക്കാമെന്ന ഉറപ്പിന്മേലാണ് ജീവനക്കാര്‍ പിരിഞ്ഞുപോയത്. എന്നാല്‍ നടപടിയൊന്നും ഉണ്ടാവത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഒന്നടങ്കം ജുബൈല്‍ ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. തൊഴിലാളികളുടെ പ്രതിനിധികളുമായി ലേബര്‍ ഓഫീസര്‍ ചര്‍ച്ച നടത്തുകയും ജൂണ്‍ 27 നു മുമ്പ് തീരുമാനം കൈക്കൊള്ളുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അതും ഫലം കണ്ടില്ല. തുടര്‍ന്ന് തൊഴിലാളികള്‍ ഖോബാറിലുള്ള ഹെഡ് ഓഫീസില്‍ പോയി ജനറല്‍ മാനേജറെ കണ്ടിരുന്നു. ദമ്മാം ലേബര്‍ ഓഫീസറും പൊലീസും ഇടപെടുകയും ആഗസ്റ്റ് ഒന്നിനു ശമ്പള കുടിശ്ശിക നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്കാവട്ടെ ഇനിയും ഇത ്വിശ്വാസമായിട്ടില്ല. നാട്ടിലെ കുടുംബങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. തൊഴിലാളികളില്‍ രണ്ടോ മൂന്നോ പേര്‍ക്കൊഴികെ ഇഖാമയോ ഇന്‍ഷുറന്‍സ് കാര്‍ഡോ ഇല്ല. ലേബര്‍, മേസന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് അധികവും. ചെറിയ ശമ്പളം ആയിരുന്നെങ്കിലും കൃത്യമായി കിട്ടിയിരുന്നത് കൊണ്ട് നാട്ടിലെ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുപോയിരുന്നു. എന്നാല്‍ ശമ്പളം ലഭിക്കാതായതോടെ എല്ലാം അവതാളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.