ശമ്പളമില്ലാതെ വലഞ്ഞ തൊഴിലാളികളുടെ പ്രശ്നത്തില്‍ മന്ത്രാലയം ഇടപെടുന്നു

അബൂദബി: അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് നിരവധി മാസമായി ശമ്പളം ലഭിക്കാത്ത പ്രശ്നത്തില്‍ മനുഷ്യ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം ഇടപെടുന്നു. കമ്പനിയുടെ ബാങ്ക് ഗാരണ്ടി നിക്ഷേപമെടുത്ത് തൊഴിലാളികള്‍ക്ക് നല്‍കി പ്രശ്നം പരിഹരിക്കാനാണ് മന്ത്രാലയത്തിന്‍െറ നീക്കം. ശമ്പളം കിട്ടാത്ത തൊഴിലാളികളുടെ ദുരിതം സംബന്ധിച്ച് ജൂലൈ 12ന് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കമ്പനിയും തൊഴിലാളികളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് മനുഷ്യ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയത്തിന്‍െറ പരിശോധനാ വകുപ്പ് ഡയറക്ടര്‍ മുഹ്സിന്‍ അലി അല്‍ നാസി പറഞ്ഞതായി ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തൂ. തൊഴിലാളികളുടെ ക്ഷേമത്തിനാണ് പ്രധാന പരിഗണന. എല്ലാ കേസുകളിലും അവരുടെ അവകാശം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഹ്സിന്‍ അലി അല്‍ നാസി അറിയിച്ചു.
പ്രശ്നപരിഹാരത്തോടെ രണ്ട് വഴികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരമുണ്ട്. നിലവിലുള്ള തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കി പുതിയ ജോലി കണ്ടത്തൊന്‍ യു.എ.ഇയില്‍ തന്നെ നില്‍ക്കുകയോ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ ചെയ്യാം. എന്നാല്‍, കൂടുതല്‍ തൊഴിലാളികളും നാട്ടിലേക്ക് മടങ്ങാനാണ് ഇഷ്ടപ്പെടുന്നത്. തൊഴിലാളികളുടെ അപേക്ഷ പ്രകാരം 75 പേരുടെ വിസയും തൊഴില്‍ പെര്‍മിറ്റും റദ്ദാക്കിയിട്ടുണ്ടെന്നും മുഹ്സിന്‍ അലി അല്‍ നാസി പറഞ്ഞു.
ബാങ്ക് ഗാരണ്ടിയില്‍നിന്ന് കിട്ടുന്ന പണം കിട്ടാനുള്ള ശമ്പളത്തേക്കാള്‍ വളരെ കുറവായിരിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. എങ്കിലും പെട്ടെന്ന് വീട്ടിലേക്ക് എത്താനുള്ള തിടുക്കത്തിലാണ് പലരും. ശമ്പളം ലഭിക്കാത്തതിനാല്‍ നിരവധി മാസമായി വീട്ടിലേക്ക് പണമയക്കാന്‍ സാധിച്ചിട്ടില്ല. വീട്ടുകാര്‍ തങ്ങളുടെ അവസ്ഥയറിഞ്ഞ് ഏറെ വിഷമത്തിലുമാണെന്നും അവര്‍ അറിയിച്ചു.
സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല കമ്പനിയെന്ന് ഉടമ പറഞ്ഞു.  തങ്ങളുടെ കക്ഷികള്‍ നിരവധി മാസമായി പണം തരുന്നില്ല. അത് ദോഷകരമായി ബാധിച്ചു. ശമ്പളം കൊടുക്കാന്‍ കഴിയാതായതോടെ തൊഴിലാളികള്‍ ജോലി നിര്‍ത്തി. 
അത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. ഈ സാഹചര്യത്തില്‍ തൊഴിലാളികളെ ഇങ്ങനെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. 
അതിനാല്‍ ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബത്തിന്‍െറ അവസ്ഥ മനസ്സിലാക്കുന്നുണ്ടെന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത രീതിയിലുണ്ടായ പ്രശ്നത്തില്‍ ഖേദമുണ്ടെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.