കാറുകള്‍ വില്‍ക്കാനും വാങ്ങാനും  ആര്‍.ടി.എയുടെ ഓണ്‍ലൈന്‍ സംവിധാനം 

ദുബൈ: കാറുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗീകൃത വാഹന ഷോറൂമുകളില്‍ ആര്‍.ടി.എ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. നടപടിക്രമങ്ങള്‍ കൃത്യതയോടെയും വേഗത്തിലും പൂര്‍ത്തിയാക്കാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു. 
കാറുകള്‍ വില്‍ക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവര്‍ ആര്‍.ടി.എ അംഗീകൃത ഷോറൂമുകളെ സമീപിക്കുകയാണ് ചെയ്യേണ്ടത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിവരങ്ങളും വാഹനത്തിന്‍െറ വിശദാംശങ്ങളും രേഖപ്പെടുത്തണം. വില്‍ക്കാനുള്ള വാഹനത്തിന്‍െറ രേഖകള്‍ മുദ്ര വെച്ച കവറില്‍ ആക്കിയശേഷം ഇരുകക്ഷികളും ആര്‍.ടി.എയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് പോകണം. 
ഇവിടെ വെച്ച് രേഖകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തും. വാങ്ങുന്നയാളുടെയും വില്‍ക്കുന്നയാളുടെയും എമിറേറ്റ്സ് ഐ.ഡി സ്മാര്‍ട്ട് കാര്‍ഡ് റീഡറില്‍ സ്കാന്‍ ചെയ്ത ശേഷം വില്‍പന കരാറിന് രൂപം നല്‍കും. ഇത് ആര്‍.ടി.എയുടെ ഗതാഗത സംവിധാനത്തില്‍ സൂക്ഷിക്കുകയും ചെയ്യും. ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്നോ ആര്‍.ടി.എ വെബ്സൈറ്റിലൂടെയോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. 
വാങ്ങുന്നയാളുടെയും വില്‍ക്കുന്നയാളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നതാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ പ്രത്യേകത. 
ഉടമയറിയാതെ വാഹനത്തിന്‍െറ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നമ്പര്‍ പ്ളേറ്റും കൈമാറാന്‍ സാധിക്കില്ല. വില്‍പന കരാറിന് രൂപം നല്‍കിക്കഴിഞ്ഞാല്‍ വില്‍ക്കുന്നയാള്‍ക്ക് വാഹനത്തിന് മേല്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ നിശ്ചിത കാലാവധിക്കകം കൈമാറ്റ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നാല്‍ കരാര്‍ റദ്ദാക്കപ്പെടും. 50 ശതമാനം നടപടിക്രമങ്ങള്‍ വാഹന ഷോറൂമുകളില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിനാല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ കാലതാമസവും ഒഴിവാകും. ദുബൈയിലെ വിവിധ വാഹന ഷോറൂമുകളുമായി പുതിയ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് ആര്‍.ടി.എ കരാറിലത്തെിയിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഷോറൂമുകള്‍ ജൂലൈ 31ന് മുമ്പ് ആര്‍.ടി.എയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.