ബസുകള്‍ക്ക് മാത്രമായുള്ള വരികളില്‍ കൂടുതല്‍ കാമറകള്‍ ഉടന്‍

ദുബൈ: ആര്‍.ടി.എ ബസുകള്‍ക്ക് മാത്രമായുള്ള റോഡിലെ ലെയിനുകളില്‍ മറ്റ് വാഹനങ്ങള്‍ കയറുന്നത് തടയാന്‍ കൂടുതല്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ദേര നായിഫ് റോഡില്‍ പരീക്ഷണാര്‍ഥം സ്ഥാപിച്ച സംവിധാനമാണ് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ബസുകള്‍ക്കും ടാക്സികള്‍ക്കും മാത്രമായി ഏഴുകിലോമീറ്റര്‍ പാതയാണ് ദുബൈയിലുള്ളത്.  
വൈറ്റ് ലിസ്റ്റഡ്, ബ്ളാക്ക് ലിസ്റ്റഡ് എന്നിങ്ങനെ വാഹനങ്ങളെ രണ്ടായി തരംതിരിക്കും. ആര്‍.ടി.എ ബസുകള്‍, ടാക്സികള്‍, ആംബുലന്‍സുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, പൊലീസ് വാഹനങ്ങള്‍ എന്നിവയാണ് വൈറ്റ് ലിസ്റ്റഡ് വാഹനങ്ങളില്‍ പെടുക. ഇവക്ക് പ്രത്യേക പാതയിലൂടെ സഞ്ചരിക്കാം. മറ്റ് വാഹനങ്ങള്‍ ഈ പാതയില്‍ കയറിയാല്‍ കാമറ സ്വയം കണ്ടത്തെുകയും ഓപറേഷന്‍സ് റൂമിലേക്ക് വിവരം കൈമാറി പിഴ ചുമത്തുകയും ചെയ്യും. 600 ദിര്‍ഹമാണ് പിഴ. നായിഫ് റോഡില്‍ കാമറ സ്ഥാപിച്ച് നാലുമാസത്തിന് ശേഷം നിയമലംഘനം 63 ശതമാനം കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
എമിറേറ്റില്‍ കൂടുതല്‍ പ്രത്യേക പാതകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ആര്‍.ടി.എ. ദേര, ബര്‍ദുബൈ എന്നിവിടങ്ങളിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം രണ്ടുവര്‍ഷത്തിനകം ഇത്തരം പാതകള്‍ നിര്‍മിക്കും. ഗതാഗതക്കുരുക്കില്‍ പെടാതെ ബസുകള്‍ക്ക് കടന്നുപോകാന്‍ പ്രത്യേക പാതകള്‍ ഉപകരിക്കും. കൂടുതല്‍ ആളുകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആര്‍.ടി.എ കണക്കുകൂട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.