പ്രവാസി പ്രതീക്ഷകള്‍ സഫലമാക്കാതെ സംസ്ഥാന ബജറ്റ്

ദുബൈ: "ഗള്‍ഫ് പ്രതിസന്ധി ഇനിയും നീളുകയാണെങ്കില്‍ വിദേശ പണ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. കേരള സമ്പദ്ഘടനയില്‍ 80കളുടെ അവസാനത്തോടെ രൂപപ്പെട്ട കുതിപ്പ് ഇതോടെ അവസാനിക്കും"- ധനമന്ത്രി  ഡോ.ടി.എം.തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്‍െറ ആമുഖത്തില്‍ പറയുന്നതാണിത്.
എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയും ഊര്‍ജിതമായ സ്വദേശിവല്‍ക്കരണവും മലയാളി പ്രവാസികളുടെ ഭാവിക്കു മുന്നില്‍ ഉയര്‍ത്തുന്ന ആശങ്ക  പങ്കുവെച്ചാണ് ധനമന്ത്രി 2016-17ലെ പുതുക്കിയ ബജറ്റ് അവതരിപ്പിച്ചതെങ്കിലും പ്രവാസികള്‍ക്കായി പുതിയ പദ്ധതികളോ ആനുകൂല്യങ്ങളോ പ്രഖ്യാപിച്ചില്ല. എന്നാല്‍ നിലവിലുള്ള പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം കൂട്ടി. അതോടൊപ്പം തിരിച്ചത്തെുന്ന പ്രവാസികള്‍ക്ക്  സര്‍ക്കാരിന്‍െറ പുതിയ വ്യവസായ പാര്‍ക്കുകളിലും  നിക്ഷേപ സൗകര്യങ്ങളിലും പ്രത്യേക പരിഗണന നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. 
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രവാസി കാര്യ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍  ഇതിലും കൂടുതല്‍ പുതിയ സര്‍ക്കാരില്‍ നിന്ന് പ്രവാസികള്‍ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ളെന്ന നിരാശയും മുന്‍ സര്‍ക്കാരിനേക്കാള്‍ ഭേദമെന്ന ആശ്വാസവുമാണ് പ്രവാസലോകത്ത് നിന്നുയരുന്നത്. എയര്‍ കേരള, പ്രവാസി ആരോഗ്യ ഇന്‍ഷുറന്‍സ്, ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക ഓഫീസ് തുടങ്ങല്‍, എല്ലാ ജില്ലകളിലും പ്രവാസി ഹെല്‍പ് ഡെസ്ക് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവാസികളുടെ നീണ്ട കാലത്തെ ആവശ്യങ്ങള്‍ക്കൊന്നും ബജറ്റിലിടം കിട്ടിയിട്ടില്ല. തിരികെ എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് 24 കോടി രൂപയാണ് പുതിയ സര്‍ക്കാര്‍ നീക്കിവെച്ചത്.  കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ ഇതിന് 12 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇടത് സര്‍ക്കാര്‍ അത് ഇരട്ടിയാക്കിയെങ്കിലും ഗള്‍ഫില്‍ നിന്ന് തിരിച്ചത്തെുന്നവരുടെ എണ്ണം  വര്‍ധിച്ചുകൊണ്ടിരിക്കുന്നെന്ന് മന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ തുക ഒന്നിനും പര്യാപ്തമാകില്ളെന്നുറപ്പ്. 
പ്രവാസികാര്യ വകുപ്പിന്(നോര്‍ക്ക) കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവെച്ച അതേ തുക തന്നെയാണ് പുതിയ സര്‍ക്കാരും നല്‍കുന്നത്- 28 കോടി രൂപ. എന്നാല്‍ ക്ഷേമ ഫണ്ടിന് നീക്കിയിരുത്തിയ ഒരു ലക്ഷം രൂപ 10 കോടിയാക്കി തോമസ് ഐസക് വര്‍ധിപ്പിച്ചു. 
പ്രവാസി ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ഉറപ്പ് നല്‍കുന്നു. നിലവില്‍ ക്ഷേമനിധി പെന്‍ഷന്‍ വെറും 1000 രൂപയാണ്. ഇത് വര്‍ധിപ്പിക്കണമെന്നത് പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ്.  ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കുടുംബ പെന്‍ഷന്‍,ചികിത്സാ സഹായം, പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായം, പ്രസവസഹായം, മരണാനന്തര സഹായം, വിദ്യഭ്യാസ ഗ്രാന്‍റ് എന്നീ ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തുച്ഛമായ തുകയായതിനാല്‍  പ്രവാസികള്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിട്ടില്ല.  
ചികിത്സക്ക് 50,000 രൂപവരെയും വനിതാ അംഗങ്ങളുടെ പ്രസവത്തിന് പരമാവധി 3000 രൂപയും  പെണ്‍മക്കളുടെ വിവാഹത്തിന് പരമാവധി 5000 രൂപയുമാണ്  നല്‍കുന്നത്. ഈ ആനുകൂല്യങ്ങളെല്ലാം കാലാനുസൃതമായി വര്‍ധിപ്പിക്കും എന്നല്ലാതെ എത്രയായി വര്‍ധിപ്പിക്കുമെന്നോ എപ്പോള്‍ വര്‍ധിപ്പിക്കുമെന്നോ ബജറ്റില്‍ പറയുന്നില്ല. ഏതായാലും ഇതിനായി 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
 വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്ക്  വായ്പ ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന ബാക്ക് എന്‍ഡ് വായ്പാ പദ്ധതിയുടെ സബ്സിഡി മുന്‍കൂറായി ബാങ്കില്‍ അടക്കുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയ  ഈ വായ്പാ പദ്ധതി സബ്സിഡി മുന്‍കൂറായി ബാങ്കുകള്‍ക്ക് അടക്കാത്തത് കാരണം താളം തെറ്റിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പരിഹാര പ്രഖ്യാപനം.
തിരിച്ചുവരുന്നവരില്‍  പുനരധിവാസ സഹായം ആവശ്യമില്ലാത്തവര്‍ക്ക് നാട്ടില്‍ നിക്ഷേപ സൗകര്യമോ തൊഴിലോ നല്‍കേണ്ടതുണ്ടെന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.  ഇത്തവണത്തെ ബജറ്റില്‍ വ്യവസായ പാര്‍ക്കുകളുടെയും മറ്റു നിക്ഷേപസൗകര്യങ്ങളുടെയും  പുതിയ അധ്യായം സര്‍ക്കാര്‍ തുറക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ നയം കൂടുതല്‍ വിപുലപ്പെടുത്തും. ഇവിടങ്ങളില്‍ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കുന്നു. അതിന് പ്രവാസി ഇനിയും കാത്തിരിക്കണമെന്നര്‍ഥം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.