ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഹാദ് ഭേദഗതി പ്രഖ്യാപിച്ചു

അബൂദബി: അബൂദബി എമിറേറ്റിലെ സ്വദേശി പൗരന്മാര്‍ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയാല്‍ ചെലവിന്‍െറ 20 ശതമാനം വഹിക്കണമെന്ന് ഹെല്‍ത്ത് അതോറിറ്റി അബൂദബി (ഹാദ്) പ്രഖ്യാപിച്ചു. അബൂദബിയില്‍ ലഭ്യമായ ചികിത്സ എമിറേറ്റിന് പുറത്ത് തേടുകയാണെങ്കില്‍ ചെലവിന്‍െറ 50 ശതമാനം വഹിക്കേണ്ടി വരുമെന്നും ഹാദ് വ്യക്തമാക്കി. ജൂലൈ ഒന്നു മുതല്‍ നിയമം പ്രാബല്യത്തിലാവും.
40നും അതിന് മുകളിലും പ്രായമുള്ള  5000 ദിര്‍ഹം വരെ ശമ്പളമുള്ള അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍െറ 50 ശതമാനം വരെ സ്വയം വഹിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള വിദേശി തൊഴിലാളികള്‍ ഭാര്യക്കും 18 വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്കും പ്രീമിയത്തിന്‍െറ 50 ശതമാനം അടക്കണം. നാലാമത് മുതലുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുഴുവന്‍ പ്രീമിയവും വിദേശ തൊഴിലാളി തന്നെ അടക്കണം. വ്യാഴാഴ്ചയാണ് ഹാദ് ഇതു സംബന്ധിച്ച മാറ്റം പ്രഖ്യാപിച്ചത്.
എമിറേറ്റിലെ യു.എ.ഇ പൗരന്മാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന വന്ധ്യതാചികിത്സക്ക് സ്വകാര്യ ആശുപത്രികളില്‍ ഒരു വര്‍ഷം ഒരു തവണയെന്ന രീതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 18നും അതിനു മുകളിലും പ്രായമുള്ളവര്‍ എല്ളൊടിഞ്ഞതിന് തേടുന്ന ചികത്സക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. എന്നാല്‍, പ്രത്യേക ചികിത്സ അനിവാര്യമാകുന്ന ഘട്ടത്തില്‍ പരിരക്ഷ അവകാശപ്പെടാം. 
ആരോഗ്യ സംരക്ഷണത്തിന്‍െറ ഗുണമേന്മയും വൈപുല്യവും അധികരിപ്പിക്കുകയും ആരോഗ്യ പരിപാലന മേഖലയിലെ മാത്സര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്ത് കൂടുതല്‍ സുസ്ഥിരമായ ആരോഗ്യ സംരക്ഷണ മേഖല വാര്‍ത്തെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഹാദ് പറഞ്ഞു. ‘ആരോഗ്യകരമായ അബൂദബി’ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള പ്രധാനപ്പെട്ട പുതിയ നീക്കമാണ് ഇപ്പോള്‍ നടപ്പാക്കിയ മാറ്റങ്ങളെന്ന് ഹാദിന്‍െറ കോഓപറേറ്റ് കമ്യൂണിക്കേഷന്‍ വകുപ്പ് മാനേജര്‍ അദീബ് അല്‍ സാബി അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.