ഈദുല്‍ ഫിത്വ്ര്‍ : വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

അബൂദബി: ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കണമെങ്കില്‍ മാനം മുട്ടുന്ന വിമാന ടിക്കറ്റിന് മീതെ പറക്കണം. ഈദുല്‍ ഫിത്വ്ര്‍ ആകാന്‍ ഏറെ സാധ്യത കല്‍പിക്കുന്ന ജൂലൈ ആറ് വരെ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് വിവിധ വിമാനക്കമ്പനികളുടെ ഇകോണമി ക്ളാസ് നിരക്ക്. 
ജൂലൈ ആറ് മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നുണ്ട്. 1520 ദിര്‍ഹം മുതല്‍ 2130 വരെയാണ് ജൂലൈ ആറിലെ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് (1520 ദിര്‍ഹം) എയര്‍ ഇന്ത്യയുടെ അബൂദബി-മംഗലുരു വിമാനത്തിനും കൂടിയ നിരക്ക് ( 2130 ദിര്‍ഹം) എയര്‍ ഇന്ത്യയുടെ തന്നെ അബൂദബി-കൊച്ചി വിമാനത്തിനുമാണ്.
അബൂദബിയില്‍നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ജൂലൈ ആറിനേ ഇനി എയര്‍ ഇന്ത്യ ടിക്കറ്റ് ലഭിക്കൂ. ഇരു വിമാനത്താവളങ്ങളിലേക്കും 2130 ദിര്‍ഹമാണ് വ്യാഴാഴ്ച കാണിക്കുന്ന നിരക്ക്. 
ഇതേ ടിക്കറ്റിന് ജൂലൈ ആറിന് ശേഷം നിരക്ക് കുത്തനെ കുറയുന്നുണ്ട്. ഏഴിന് 1230ഉം എട്ടിന് 1170ഉം  ദിര്‍ഹമാണ് നിരക്ക്. അതേസമയം, കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ അങ്ങോട്ട് 1990 ദിര്‍ഹത്തിന് ടിക്കറ്റ് ലഭ്യമാവുന്നുണ്ട്. തിരിച്ച് 820 മുതല്‍ 860 ദിര്‍ഹം വരെയാണ് നിരക്ക്. അബൂദബിയില്‍നിന്ന് മംഗലുരുവിലേക്ക് ജൂലൈ ഒന്ന് മുതല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് ലഭ്യമാണ്. 2170 ദിര്‍ഹമാണ് നിരക്ക്.
ജെറ്റ് എയര്‍വേയ്സില്‍ അബൂദബിയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ രണ്ടിന് ടിക്കറ്റ് (3209 ദിര്‍ഹം) ലഭ്യമാണ്. കൊച്ചിയിലേക്ക് ജൂലൈ ഒന്നിന് 4039 ദിര്‍ഹം നല്‍കണം. തിരുവനന്തപുരത്തേക്ക് ജൂലൈ രണ്ടിന് 3149 ദിര്‍ഹമാണ് നിരക്ക്. 
ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിര്‍ഹമാണ് നിരക്ക്. ജൂലൈ ആറിന് ഇത് 1929 ദിര്‍ഹമാണ്. 
ഇത്തിഹാദ് എയര്‍വേസില്‍ ജൂലൈ രണ്ടിന് അബൂദബി-കോഴിക്കോട് ടിക്കറ്റ് (3209 ദിര്‍ഹം) ലഭ്യമാണ്. ഇതേ തീയതിയില്‍ കൊച്ചിയിലേക്ക് 3109 ആണ് നിരക്ക്.  ആറിന് കോഴിക്കോട്ടേക്ക് 1909 ദിര്‍ഹവും കൊച്ചിയിലേക്ക് 1949 ദിര്‍ഹവുമാണ് നിരക്ക്. 
എമിറേറ്റ്സില്‍ അബൂദബി-കൊച്ചി റൂട്ടില്‍ ജൂലൈ ഒന്നിന് തന്നെ ടിക്കറ്റ് ലഭിക്കും. 3635 ദിര്‍ഹമാണ് നിരക്ക്. രണ്ടിന് അബൂദബി-തിരുവനനന്തപുരം (3695 ദിര്‍ഹം) മൂന്നിന് ദുബൈ-കൊച്ചി (3695 ദിര്‍ഹം) വിമനങ്ങളുമുണ്ട്.
സ്കൂള്‍ അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലും നിരക്ക് ഉയര്‍ത്തി പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതു വരെ പ്രശനം പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശയമായ നടപടികളെടുത്തിട്ടില്ല. 
‘എയര്‍ കേരള’ എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങി കേരളത്തിലെ പ്രവാസികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ ചുരുങ്ങിയത് 20 വിമാനം വേണമെന്ന നിബന്ധനയില്‍ കുരുങ്ങിക്കിടക്കുകയാണ് ആ സ്വപ്നം. 
അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് കേരളത്തിലെ ബന്ധുക്കള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോകണമെങ്കില്‍ രണ്ട് ലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരും. വിമാന ടിക്കറ്റ് നിരക്ക് വര്‍ധന കാരണം പല കുടുംബങ്ങളും ഇവിടെ തന്നെ പെരുന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.