അല്‍ അവീര്‍ റോഡ് നവീകരണ പദ്ധതി പ്രഖ്യാപിച്ചു

ദുബൈ: 191 ദശലക്ഷം ചെലവ് വരുന്ന അല്‍ അവീര്‍ റോഡ് വികസന പദ്ധതി ആര്‍.ടി.എ പ്രഖ്യാപിച്ചു. ഇന്‍റര്‍നാഷണല്‍ സിറ്റിയിലേക്കും ഡ്രാഗണ്‍ മാര്‍ട്ടിലേക്കുമുള്ള പ്രവേശ കവാടങ്ങള്‍ പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കും. ഇതോടെ പ്രദേശത്തെ ഗതാഗതക്കുരുക്കിന് അറുതിവരുത്താനാകുമെന്നാണ് പ്രതീക്ഷ. 
അടുത്തിടെ ആര്‍.ടി.എ ഓഫിസ് സന്ദര്‍ശിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. 
ഇന്‍റര്‍നാഷണല്‍ സിറ്റിയുടെ പ്രധാന ഡെവലപ്പറായ നഖീലുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ഇന്‍റര്‍നാഷണല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട്ട് പ്രദേശത്തെ ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 
നിലവില്‍ അല്‍ അവീര്‍ റോഡില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ സിറ്റിയിലേക്കും ഡ്രാഗണ്‍ മാര്‍ട്ടിലേക്കും ഒരു പ്രവേശ കവാടം മാത്രമാണുള്ളത്. 
വാഹനത്തിരക്ക് കാരണം രാവിലെയും വൈകിട്ടും ഇവിടെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. അടുത്തിടെ അല്‍ മനാമ റോഡില്‍ നിന്ന് മറ്റൊരു പ്രവേശ കവാടം കൂടി ആര്‍.ടി.എ നിര്‍മിച്ചിരുന്നു. ഇത് തിരക്ക് കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. 
പുതിയ റോഡ് വികസന പദ്ധതിയുടെ ഭാഗമായി അല്‍ അവീര്‍ റോഡിന്‍െറ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്‍റര്‍സെക്ഷന്‍ മുതല്‍ ഇന്‍റര്‍നാഷണല്‍ സിറ്റി റൗണ്ടെബൗട്ട് വരെയുള്ള ഭാഗമാണ് നവീകരിക്കുക. നുവാക്ശൂത്, അല്‍ അവീര്‍ റോഡുകള്‍ സന്ധിക്കുന്നിടത്ത് രണ്ട് ലെയിന്‍ ഫൈ്ള ഓവര്‍ നിര്‍മിക്കും. അല്‍ അവീര്‍ റോഡില്‍ നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്ക് കടക്കാനുള്ള സൗകര്യവുമുണ്ടാക്കും. അല്‍ അവീര്‍ റോഡിന്‍െറ ഇരുഭാഗങ്ങളിലും സര്‍വീസ് റോഡുകളും നിര്‍മിക്കും. അല്‍ വര്‍ഖ, ഇന്‍റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളിലെ താമസക്കാര്‍ക്കായി നടപ്പാലവും സൈക്കിളിങ് ബ്രിഡ്ജും വരും. 
ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ നാലു റൗണ്ടെബൗട്ടുകളില്‍ സിഗ്നലുകള്‍ സ്ഥാപിക്കും. റോഡുകള്‍ വീതി കൂട്ടുകയും ചെയ്യും. നുവാക്ശൂത് റോഡിന്‍െറയും വീതി കൂട്ടുമെന്ന് മതാര്‍ അല്‍ തായിര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.