അബൂദബി ഇന്ത്യന്‍ സ്കുള്‍ കെ.ജി. നറുക്കെടുപ്പ്: 50 പേര്‍ക്ക് ആശ്വാസം; 3000ലധികം പേര്‍ക്ക് നിരാശ

അബൂദബി: നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചപ്പോള്‍ ആശ്വാസം തെളിഞ്ഞത് 50 മുഖങ്ങളില്‍. 3000 ത്തില്‍ അധികം പേര്‍ക്ക് കനത്ത നിരാശ, ഒപ്പം മക്കളുടെ ഭാവിയില്‍ ഉത്കണ്ഠയും. ശനിയാഴ്ച രാവിലെ അബൂദബി ഇന്ത്യന്‍ സ്കൂളിലെ കെ.ജി. വണ്ണിലേക്കുള്ള നറുക്കെടുപ്പിലാണ് 50 പേരെ ഭാഗ്യം തുണച്ചത്. 3000ത്തില്‍ അധികം പേര്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടാതിരുന്നതിന്‍െറ നിരാശയില്‍ മടങ്ങി. മുറൂറിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് നറുക്കെടുപ്പ് നടന്നത്. 50 സീറ്റുകളാണ് ഓപ്പണ്‍ ക്വാട്ടയില്‍ ഉണ്ടായിരുന്നത്. ഇതിലേക്കുളള നറുക്കെടുപ്പിന്‍െറ ഓരോ നിമിഷവും ഉദ്വേഗജനകമായാണ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞ രക്ഷകര്‍ത്താക്കള്‍ കാത്തിരുന്നത്. ഓരോ സീറ്റിലേക്കുമുള്ള നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ആശ്വാസത്തിലായപ്പോള്‍ ലഭിക്കാതെ പോകുന്നവരുടെ മുഖം സങ്കടത്താല്‍ നിറഞ്ഞു. 50 സീറ്റിലെയും നറുക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ ഭാഗ്യം കടാക്ഷിച്ചവര്‍ ആശ്വാസ നിശ്വാസം പുറത്തുവിട്ടപ്പോള്‍ 3000ലധികം അപേക്ഷകരുടെ രക്ഷകര്‍ത്താക്കള്‍ ഇനിയെന്ത് എന്ന അവസ്ഥയിലായി.
ശനിയാഴ്ച രാവിലെ മുറൂറിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയത്തെിയ ജനക്കൂട്ടം അബൂദബിയിലെ ഇന്ത്യന്‍ സ്കൂള്‍ പ്രവേശത്തില്‍ കെ.ജി. ക്ളാസുകളിലേക്കുള്ള സീറ്റ് ക്ഷാമത്തിന്‍െറ വ്യക്തമായ തെളിവായിരുന്നു. ഭാഗ്യം കടാക്ഷിക്കുമെന്ന വിശ്വാസത്തോടെയാണ് രാവിലെ രക്ഷിതാക്കള്‍ വന്നിറങ്ങിയത്. അധികം വൈകാതെ തന്നെ ഓഡിറ്റോറിയം നിറഞ്ഞുകവിയുകയും ചെയ്തു. തലസ്ഥാന നഗരിയിലെ നിരവധി സ്കൂളുകളില്‍ അപേക്ഷിച്ച് ലഭിക്കാത്തവരുടെ അവസാന പ്രതീക്ഷയായിരുന്നു ഇന്ത്യന്‍ സ്കൂള്‍. കൂടിയ ഫീസ് താങ്ങാനാകാത്തവരും പ്രതീക്ഷയോടെ കാത്തിരുന്നത് ഇന്ത്യന്‍ സ്കൂള്‍ പ്രവേശമായിരുന്നു. എന്നാല്‍, സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കും മറ്റുമായി കെ.ജി. വണ്‍ സീറ്റുകള്‍ മാറ്റിവെച്ച ശേഷം ആകെ ബാക്കിയുണ്ടായിരുന്നത് 50 സീറ്റായിരുന്നു. ഈ സീറ്റുകളിലേക്ക് 3000ല്‍ അധികം അപേക്ഷകളും ലഭിച്ചിരുന്നു. ഇവരെല്ലാം നറുക്കെടുപ്പിലെ ഭാഗ്യം തുണക്കുമോയെന്ന് അറിയുന്നതിന് എത്തിച്ചേരുകയും ചെയ്തു. വിവിധ സ്കൂള്‍ ഓഫിസുകളില്‍ അപേക്ഷ നല്‍കിയും നറുക്കെടുപ്പില്‍ പങ്കെടുത്തും നിരാശരായവരായിരുന്നു അധികവും. ഇവരുടെയെല്ലാം അവസാന പ്രതീക്ഷയായിരുന്നു ഇന്ത്യന്‍ സ്കുള്‍. ഇവിടെയും പ്രവേശം ലഭിക്കാതായതോടെ ഇനിയെന്ത് എന്ന ചിന്തയിലാണ് രക്ഷകര്‍ത്താക്കള്‍. അബൂദബിയില്‍ ഇന്ത്യന്‍ സ്കൂളുകളില്‍ കെ.ജി. വണ്‍, കെ.ജി ടു സീറ്റുകള്‍ക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. 
തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലായി ഇന്ത്യന്‍ സ്കുളുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സീറ്റ് ക്ഷാമത്തിനും രക്ഷകര്‍ത്താക്കളുടെ ഓട്ടത്തിനും കുറവുണ്ടായിട്ടില്ല. ഒരു വര്‍ഷമായി മക്കള്‍ക്ക് സീറ്റ് അന്വേഷിച്ച് അലയുന്ന രക്ഷകര്‍ത്താക്കളും ഉണ്ട്. സ്കൂള്‍ ഓഫിസുകള്‍ കയറിയിറങ്ങിയും വിവിധ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയും  നടന്നിട്ടും സീറ്റ് കിട്ടാത്തവര്‍ നിരവധിയാണ്. പലരും തങ്ങളുടെ വരുമാനം അനുസരിച്ച് താങ്ങാനാകില്ളെങ്കിലും മക്കളുടെ ഭാവിയോര്‍ത്ത് വന്‍ ഫീസ് സംവിധാനം ഉള്ള സ്കൂളുകളില്‍ ചേര്‍ത്തിട്ടുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.