മരുഭൂമിയുടെ ആഴങ്ങളറിഞ്ഞ് മലയാളികളടങ്ങിയ  സംഘം ലക്ഷ്യസ്ഥാനത്തേക്ക്

ഷാര്‍ജ: ‘മരുഭൂമിയിലൂടെ ദീര്‍ഘമായി യാത്ര ചെയ്യൂ, നിങ്ങള്‍ പടച്ചവനെ കണ്ടുമുട്ടും’... ‘മക്കയിലേക്കുള്ള പാത’യില്‍ മുഹമദ് അസദ് എഴുതിയ വാക്കുകളാണിത്. ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക സെന്‍റര്‍ സംഘടിപ്പിച്ച രണ്ടാമത് മരൂഭൂ യാത്രയില്‍ പങ്കെടുത്ത മലയാളി സംഘാഗങ്ങളായ കോഴിക്കോട് പന്നിയങ്കര സ്വദേശിനി റഷീന അഹ്മദും ആലുവ സ്വദേശി ഷാജഹാന്‍ കക്കാട്ടിലും തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫൈസലും പങ്കുവെക്കുന്നത് ഇതേ വാക്കുകളാണ്. മക്കളായ അസ്ഹയെയും സയാനെയും ഭര്‍ത്താവ് അഹ്മദിനെ ഏല്‍പ്പിച്ചാണ് റഷീന യാത്രാസംഘത്തിനൊപ്പം ചേര്‍ന്നത്. പ്രശസ്ത സ്വദേശി പര്യവേഷകരായ അഹ്മദ് ആല്‍ ഖാസിമിയും മുഹമ്മദ് ബിന്‍ തരിയവും നേതൃത്വം നല്‍കുന്ന യാത്ര ഓരോ ദിവസവും പുത്തന്‍ അനുഭവങ്ങള്‍ ഇവര്‍ക്ക് സമ്മാനിക്കുന്നു. 
ദിവസവും മരുഭൂമിക്ക് വ്യത്യസ്ത ഭാവങ്ങളാണ്. ഓരോ പ്രഭാതവും പുലരുന്നത് സമ്പന്നമായ കാഴ്ചകളാല്‍. വാഹനങ്ങളുടെ ഇരമ്പലില്ല, മൊബൈല്‍ ഫോണുകളുടെ ശബ്ദങ്ങളില്ല, പ്ളാസ്റ്റിക് ഉല്‍പന്നങ്ങളില്ല... എങ്ങും ജൈവികമായ ചാക്രികത മാത്രം. ചിലഭാഗങ്ങളില്‍ മരുഭൂമിക്ക് പീതവര്‍ണമാണെങ്കില്‍ ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഭാവം മാറും. കൂര്‍ത്തുമൂര്‍ത്ത മുള്‍ചെടികള്‍, കവികളെ പോലെ ചിന്തയിലാണ്ട് നില്‍ക്കുന്ന ഗാവ് മരങ്ങള്‍, മനുഷ്യരുമായി ഇടപഴകാതെ മരുഭൂമിയില്‍ ജീവിച്ച് വളര്‍ന്ന ഒട്ടകങ്ങള്‍, കഴുതകള്‍, ചെമ്മരിയാടുകള്‍, അറേബ്യന്‍ വരയാടുകള്‍, ഇഴജന്തുക്കള്‍, ഒട്ടകപക്ഷികള്‍ തുടങ്ങിയ കാഴ്ചകളിലൂടെയുള്ള യാത്രയുടെ അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റില്ളെന്ന് ഇവര്‍ പറയുന്നു. 
മരുഭൂമിയുടെ വിവിധ ഭാവങ്ങള്‍ക്കനുസരിച്ച് ഒട്ടകത്തിന്‍െറയും സ്വഭാവം മാറും. കുട്ടികളെ പോലെയാണ് ചിലപ്പോള്‍ ഒട്ടകം. കുസൃതി കാട്ടിയായിരിക്കും സഞ്ചാരം. തനിക്ക് കിട്ടിയ ഒട്ടകത്തിന് ഏത് നേരവും ഇത്തരം കുസൃതിയാണെന്ന് ഷാജഹാന്‍ പറയുന്നു. അതുകൊണ്ട് തന്നെ അതിന് മകന്‍െറ പേരിട്ടു...അഹ്മദ്. മരുഭൂമിയുടെ ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഘടനയിലൂടെ ഒട്ടകങ്ങള്‍ നീങ്ങുന്നത് അദ്ഭുതപ്പെടുത്തുമെന്നാണ് റഷീന അഹ്മദ് പറഞ്ഞത്. തന്‍െറ പുറത്തിരിക്കുന്ന യാത്രികനെ സംരക്ഷിക്കാന്‍ അത് സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ അനുഭവിച്ചറിയണം. ഉംറക്ക് പോയ സമയത്താണ് മരുഭൂമിയെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചത്. മരുഭൂമിയെ തൊടാതെയുള്ള ലക്ഷ്വറി ബസിലുള്ള ഉംറ യാത്ര മനസ്സിന് സംതൃപ്തി നല്‍കിയില്ല. അത് സഫലമായത് ഈ യാത്രയിലാണ്. 
തണുപ്പും ചൂടും പൊടിക്കാറ്റും വിജനതയും നിറഞ്ഞ പാതകള്‍ പിന്നിടുമ്പോള്‍ ഒട്ടക പുറത്തിരുന്ന് കരഞ്ഞതായി ഫൈസല്‍ പറഞ്ഞു. പ്രവാചകനും സംഘവുമായിരുന്നു മനസ്സിലപ്പോള്‍. പണ്ടുകാലത്ത് മരുഭൂമിയിലൂടെ ദീര്‍ഘമായി യാത്ര ചെയ്തവര്‍ എങ്ങിനെയായിരുന്നു ഉറങ്ങിയിരുന്നതെന്ന് ചിന്തിച്ചിരുന്നു പലപ്പോഴും. എന്നാല്‍ രണ്ട് മണിക്കൂര്‍ വിശ്രമമില്ലാതെ ഒട്ടക പുറത്ത് യാത്ര ചെയ്തപ്പോഴാണ് അതിന് ഉത്തരം കിട്ടിയത്. തമ്പില്‍ പോലും കയറാതെ മണല്‍പരപ്പില്‍ സുഖമായി കിടന്നുറങ്ങുകയായിരുന്നുവെന്നാണ് ഷാജഹാന്‍ പറഞ്ഞത്. അറബികളുടെ വസ്ത്രമായ കന്തൂറയാണ് മരുഭൂമിയിലൂടെ യാത്ര ചെയ്യാന്‍ ഏറെ ഇണങ്ങുന്ന വേഷമെന്നാണ് ഇവരുടെ അഭിപ്രായം. മരുഭൂമിയുടെ പരിമികളെ അതിജയിക്കാനും അസ്ഥിര കാലാവസ്ഥയോട് ഇണങ്ങാനും പറ്റിയ വേഷം വേറെയില്ല. യാത്രയിലുടനീളം കഴിച്ചത് അറബികളുടെ പരമ്പരാഗത ഭക്ഷണമാണ്. കനലില്‍ ചുട്ടെടുത്ത ഭക്ഷണം മരുഭൂമിയുടെ വ്യത്യസ്ത കാലാവസ്ഥകളെ ചെറുക്കാനുള്ള ഊര്‍ജം ശരീരത്തിന് പകരുന്നു. വിവിധ എമിറേറ്റുകളുടെ മരുഭൂപ്രദേശങ്ങള്‍ താണ്ടിയാണ് സംഘം യാത്ര തുടരുന്നത്. രാത്രിയില്‍ മരുഭൂമി മഞ്ഞിലാണ്ട് പോകും. രാപ്പാടികളുടെ കരച്ചില്‍ മഞ്ഞിന്‍െറ തിരശ്ശീലയെ വകഞ്ഞ് മാറ്റി കാതിലത്തെും. ഒട്ടകങ്ങളുടെ നിര്‍ത്താതെയുള്ള  പ്രാര്‍ഥന ഉയര്‍ന്ന് കേള്‍ക്കാം. ഇതുകേട്ട് ഉറങ്ങാതെ ഉറങ്ങാന്‍ വല്ലാത്ത സുഖമാണെന്ന് റഷീന പറയുന്നു. പ്രഭാതത്തില്‍ മഞ്ഞോടു കൂടിയ പൊടിക്കാറ്റത്തെും. കണ്ണിലും കാതിലും അത് കയറിക്കൂടും.  ചിലപ്പോള്‍ മഞ്ഞണിഞ്ഞ പുലരിയായിരിക്കും കണികാണുക. ശരവേഗത്തില്‍ പറക്കുന്ന മരുഭൂമിയിലെ പക്ഷികളുടെ ചൂളമടിച്ചുള്ള പാട്ടും കേള്‍ക്കാം. ഗാവ് മരങ്ങളുടെ ചുവട്ടിലുള്ള വിശ്രമത്തില്‍ മനസ്സാകെ തളിരിടുന്നത് പോലെ തോന്നും. 500 കിലോ മീറ്റര്‍ താണ്ടി ഫെബ്രുവരി ഒന്നിന് 16 പേരടങ്ങുന്ന പര്യവേഷണ സംഘം ആഗോള ഗ്രാമത്തിലത്തെും. ആധുനികതയുടെ യാതൊരു വിധ അടയാളങ്ങളുമില്ലാത്ത മരുഭൂമിയില്‍ ജീവിച്ച നല്ലനാളുകള്‍ ഇനിയും കിട്ടണമെന്ന പ്രാര്‍ഥനയാണ് എല്ലാവരുടെ മനസ്സിലും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.