യു.എ.ഇയുടെ എണ്ണയിതര വരുമാനത്തില്‍  വന്‍ വളര്‍ച്ചയെന്ന് വിലയിരുത്തല്‍

ദുബൈ: രാജ്യത്തിന്‍െറ എണ്ണയിതര വരുമാനത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി യു.എ.ഇ മന്ത്രിസഭാംഗങ്ങളുടെ വിലയിരുത്തല്‍. വരുമാനത്തിന് എണ്ണയെ മാത്രം ആശ്രയിക്കാതെ മറ്റു മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. ഉല്‍പാദ മേഖല, സര്‍ക്കാര്‍ സര്‍വീസുകള്‍, അടിസ്ഥാന സൗകര്യ വികസനം, വ്യോമയാനം എന്നീ മേഖലകളില്‍ ലോകോത്തര നിലവാരത്തിലത്തൊന്‍ രാജ്യത്തിന് കഴിഞ്ഞതായും അഭിപ്രായം ഉയര്‍ന്നു. എണ്ണ വില കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തിന്‍െറ ഭാവി ചര്‍ച്ച ചെയ്യാന്‍ ദുബൈ ബാബ് അല്‍ ശംസ് റിസോര്‍ട്ടില്‍ തുടങ്ങിയ മന്ത്രിസഭാംഗങ്ങളുടെ ഒത്തുചേരലില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും പങ്കെടുക്കുന്നുണ്ട്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്യും. 
1980 മുതലുള്ള രാജ്യത്തിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) വിലയിരുത്തിയാണ് ഒത്തുചേരല്‍ തുടങ്ങിയത്. 1980ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 555 ബില്യണ്‍ ദിര്‍ഹമായിരുന്നു. ഇതില്‍ 79 ശതമാനം എണ്ണ മേഖലയില്‍ നിന്നും 21 ശതമാനം മറ്റു മേഖലകളില്‍ നിന്നുമായിരുന്നു. 
2014ല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 1155 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നപ്പോള്‍ എണ്ണ മേഖലയുടെ സംഭാവന 31 ശതമാനം മാത്രമാണ്. മറ്റു മേഖലകളില്‍ നിന്നാണ് 69 ശതമാനം വരുമാനവും. സര്‍ക്കാറിന്‍െറ ഉദാരമായ സാമ്പത്തിക നയങ്ങളാണ് എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിക്കാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. 
യോഗത്തില്‍ പങ്കെടുത്തവരെ നാലു ഗ്രൂപ്പുകളാക്കി തിരിച്ച് ചര്‍ച്ചകള്‍ നടന്നു. വിവിധ മേഖലകളില്‍ അതിദ്രുത വളര്‍ച്ച സാധ്യമാക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന വിഷയം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. മാറ്റത്തിന് നേതൃത്വം നല്‍കാന്‍ രാജ്യത്തിനകത്തുനിന്ന് തന്നെ പ്രതിഭകളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. 
മന്ത്രിമാരായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം, ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരാണ് മറ്റ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഒത്തുചേരല്‍ ഞായറാഴ്ച സമാപിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.