ഡി.എസ്.എഫില്‍ സ്വര്‍ണസമ്മാനം കൂടുതലും സന്ദര്‍ശകര്‍ക്ക്

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്‍െറ നേതൃത്വത്തിലുള്ള സ്വര്‍ണ നറുക്കെടുപ്പില്‍ സന്ദര്‍ശകര്‍ വിജയക്കൊയ്ത്ത് നടത്തുന്നു. ‘32 ദിവസങ്ങളില്‍ 100 വിജയികള്‍’ മെഗാ ഗോള്‍ഡ് കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവരില്‍ ഏറെപ്പേരും വിദേശി സന്ദര്‍ശകരാണ്. സ്വദേശികളും സ്ഥിരതാമസക്കാരുമായ ലക്ഷക്കണക്കിനുപേരെ പിന്തള്ളി സന്ദര്‍ശകരായി എത്തുന്നവര്‍ നേട്ടം കൊയ്യുന്നത് കൗതുകമായി. വിജയികളായ സന്ദര്‍ശകരില്‍ ഇന്ത്യാക്കാരാണ് ഇതുവരെ മുന്നിട്ടുനില്‍ക്കുന്നത്. യൂറോപ്പ്, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ തൊട്ടുപിന്നിലുണ്ട്.
56 കിലോ സ്വര്‍ണമാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. നറുക്കെടുപ്പില്‍ ഇതാദ്യമായി എല്ലാ ദിവസവും മൂന്ന് ഉപഭോക്താക്കള്‍ക്ക് സമ്മാനം ലഭിക്കും. ഒന്നാം സമ്മാന വിജയിക്ക് ഒരു കിലോഗ്രാം സ്വര്‍ണവും രണ്ടാം സ്ഥാനക്കാര്‍ക്ക് അര കിലോ സ്വര്‍ണവും മൂന്നാം സ്ഥാനത്തിന് കാല്‍ കിലോ സ്വര്‍ണവും സ്വന്തമാക്കാം. ഏഴ് ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണസമ്മാനങ്ങള്‍ വിതരണം ചെയ്യും. മേളയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം വിവിധ പ്രമോഷനുകളിലായി 100 കിലോ സ്വര്‍ണം സമ്മാനമായി നല്‍കിയിരുന്നു. 20 വര്‍ഷത്തെ ചരിത്രത്തില്‍ 843 കിലോ സ്വര്‍ണം ഇതുവരെ വിവിധ രാജ്യങ്ങളിലെ സന്ദര്‍ശകരെയും സ്വദേശികളെയും താമസക്കാരെയും തേടിയത്തെി. സ്വര്‍ണവിലയിലുണ്ടായ കുറവ് കൂടുതല്‍പേരെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും നറുക്കെടുപ്പില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കുന്ന ഘടകമാണെന്ന് അധികൃതര്‍ പറഞ്ഞു. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ 500 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ഒരു കൂപ്പണും 500 ദിര്‍ഹത്തിന്‍െറ വജ്ര, മുത്ത് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് രണ്ട് കൂപ്പണും ലഭിക്കും. നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാ ജ്വല്ലറികളിലും കൂപ്പണുകള്‍ ലഭ്യമാവും. 
ഉപഭോക്താക്കള്‍ സ്വര്‍ണം ആഭരണമായോ നിക്ഷേപമായോ വാങ്ങുകയാണ് പതിവെന്നും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍്റെ ഏറ്റവും ആകര്‍ഷകമായ ഒരു ഘടകം ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന മെഗാ ഗോള്‍ഡ് നറുക്കെടുപ്പാണെന്നും ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ടോമി ജോസഫ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.