ഫെബ്രുവരിയിലും പെട്രോള്‍, ഡീസല്‍ വില കുറയും

അബൂദബി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലും ഇന്ധന വില കുറയല്‍ തുടരുന്നു. രാജ്യത്ത് ഫെബ്രുവരിയിലും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടാകും. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി വില കണക്കാക്കി ഊര്‍ജ മന്ത്രാലയം ഫെബ്രുവരിയിലെ വില വ്യാഴാഴ്ച പുറത്തുവിട്ടു. സൂപ്പര്‍ 98, സ്പെഷല്‍ 95, ഇ പ്ളസ് 91 എന്നീ പെട്രോളുകള്‍ക്കും ഡീസലിനും വില കുറയും. പെട്രോള്‍ സൂപ്പര്‍ 98ന് ലിറ്ററിന് 1.69 ദിര്‍ഹത്തില്‍ നിന്ന് 1.58 ദിര്‍ഹമായാണ് കുറഞ്ഞത്. 6.5 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. പെട്രോള്‍ 95 സ്പെഷലിന് ലിറ്ററിന് 1.58 ദിര്‍ഹത്തില്‍ നിന്ന് 6.96 ശതമാനം കുറഞ്ഞ് 1.47 ദിര്‍ഹവും ഇ പ്ളസ് 91ന് 1.51 ദിര്‍ഹത്തില്‍ നിന്ന് 7.28 ശതമാനം കുറഞ്ഞ് 1.40 ദിര്‍ഹവും ആയി. ഡീസല്‍ വിലയില്‍ 14.9 ശതമാനത്തിന്‍െറ കുറവാണ് വരുത്തിയിരിക്കുന്നത്. 1.61 ദിര്‍ഹം ആയിരുന്നത് 1.37 ദിര്‍ഹം ആയാണ് കുറഞ്ഞത്. പുതിയ വിലകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 
ജൂലൈയിലാണ് ഊര്‍ജ മന്ത്രാലയം പെട്രോള്‍, ഡീസല്‍ വിലയിലെ നിയന്ത്രണം എടുത്തുകളയുകയും അന്താരാഷ്ട്ര വിപണി വിലക്ക് അനുസരിച്ച് തീരുമാനിക്കുകയും ചെയ്തത്. അന്ന് പെട്രോളിന് 29 ശതമാനം വില ഉയര്‍ന്നപ്പോള്‍ ഡീസലിന്‍െറ വില 24 ശതമാനം കുറയുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിലെല്ലാം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവാണ് രേഖപ്പെടുത്തിയത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.